നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഡൽഹി ക്യാപിറ്റൽസ് അക്ഷർ പട്ടേലിന്‍റെ (25 പന്തിൽ 54) വെടിക്കെട്ട് ബാറ്റിങ് മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. നായകൻ ഡേവിഡ് വാർണറും(51) ബാറ്റിങ്ങിൽ തിളങ്ങി. ഇവർ രണ്ടുപേരും ഒഴികെ മറ്റാർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. മുംബൈയ്ക്കുവേണ്ടി ജെസർ ബെറൻഡോർഫും, പിയുഷ് ചൌളയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 7.3 ഓവറിൽ 73 റൺസ് അടിച്ചുകൂട്ടിയതോടെ കളിയുടെ കടിഞ്ഞാൻ മുംബൈയുടെ കൈയിലായി. ഇഷാൻ കിഷനെ നഷ്ടമായെങ്കിലും പിന്നീട് എത്തിയ തിലക് വർമയും അടിച്ചു തകർത്തതോടെ മുംബൈ മുന്നേറി. 29 പന്തിൽ 41 റൺസെടുത്ത തിലക് വർമ ഈ ഐപിഎല്ലിലെ മിന്നുന്ന ഫോം തുടരുകയായിരുന്നു.
advertisement
എന്നാൽ തിലക് വർമയും, സൂര്യകുമാർ യാദവും(പൂജ്യം) രോഹിത് ശർമ്മയും അടുത്തടുത്ത പുറത്തായതോടെ മുംബൈ ക്യാംപ് അൽപം വിരണ്ടു. ആശങ്കയ്ക്ക് ഇട നൽകാതെ ടിം ഡേവിഡും കാമറൂൺ ഗ്രീനും ചേർന്ന് മുംബൈയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. അവസാന ഓവറിൽ മുംബൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 5 റൺസായിരുന്നു. എന്നാൽ ആൻറിച്ച് നോർട്ട്ജെയുടെ അതിവേഗ പന്തുകളിൽ പതറാതെ ഡൽഹിയെ മുംബൈ വീഴ്ത്തുകയായിരുന്നു. അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്താണ് കാമറൂൺ ഗ്രീൻ വിജയം ഉറപ്പിച്ചത്.