ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റൽസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 36 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. പൃഥ്വി ഷാ 11 റൺസും ജേക് ഫ്രേസർ 23 റൺസുമായി മടങ്ങി. ഇരുവരെയും സന്ദീപ് വാര്യർ നൂർ അഹമ്മദിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 5 റൺസ് നേടിയ ഷായ് ഹോപിനെ സന്ദീപ് തന്നെ റാഷിദ് ഖാന്റെ കൈകളിലെത്തിച്ചു. ഇതോടെ ക്യാപിറ്റൽസ് 3ന് 44 എന്ന നിലയിലായി. തുടർന്ന് ക്രീസിൽ ഒന്നിച്ച അക്ഷർ പട്ടേലും ഋഷഭ് പന്തും ചേർന്ന് ഡൽഹിയെ തകർച്ചയിൽനിന്ന് കരകയറ്റുകയായിരുന്നു.
advertisement
നാലാം വിക്കറ്റിൽ പന്തും അക്ഷർ പട്ടേലും ചേർന്ന് 113 റൺസിന്റെ പാർട്നർഷിപ് പടുത്തുയർത്തി. 17ാം ഓവറിൽ അക്ഷറിനെ പുറത്താക്കി നൂർ അഹമ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 5 ഫോറും നാലു സിക്സും സഹിതമാണ് താരം 66 റൺസ് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സും പന്തും ചേർന്ന് ടീം സ്കോർ 200 കടത്തി. 7 പന്തിൽ 3 ഫോറും 2 സിക്സും സഹിതം 26 റൺസാണ് സ്റ്റബ്സ് അടിച്ചുകൂട്ടിയത്. 5 ഫോറും 8 സിക്സും ഉൾപ്പെടെയാണ് പന്ത് 88 റണ്‍സ് നേടിയത്. മോഹിത് ശർമയെറിഞ്ഞ അവസാന ഓവറിൽ മാത്രം 31 റൺസാണ് ക്യാപിറ്റൽസ് അടിച്ചെടുത്തത്.