48 പന്തില്‍ നിന്ന് 5 സിക്‌സും മൂന്ന് ഫോറുമടക്കം 76 റണ്‍സെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 38 പന്തുകള്‍ നേരിട്ട സഞ്ജു 2 സിക്‌സും 7 ഫോറുമടക്കം 68 റണ്‍സോടെ പുറത്താകാതെ നിന്നു. സീസണില്‍ ഇരുവരുടെയും മൂന്നാം അര്‍ധ സെഞ്ചുറിയാണിത്.
തുടക്കത്തിലെ തകർച്ചയിൽ നിന്ന് മൂന്നാം വിക്കറ്റില്‍ 130 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു - പരാഗ് സഖ്യമാണ് രാജസ്ഥാനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നത്. ബാറ്റിങ് അത്ര എളുപ്പമല്ലാത്ത വേഗം കുറഞ്ഞ പിച്ചില്‍ റാഷിദ് ഖാന്‍ അടക്കമുള്ള ബൗളര്‍മാരെ അര്‍ഹിച്ച ബഹുമാനത്തോടെ കളിച്ച ഇരുവരും പിന്നീട് ഗിയര്‍ മാറ്റുകയായിരുന്നു. വിക്കറ്റ് കളയാതെ പിടിച്ചുനിന്ന ഇരുവരും പിന്നീട് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റുവീശി. പരാഗ് പുറത്തായ ശേഷം ക്രീസിലെത്തിയ ഷിംറോണ്‍ ഹെറ്റ്മയെര്‍ 13 റണ്‍സെടുത്ത് സഞ്ജുവിന് പിന്തുണ നൽകി.
advertisement
മികച്ച തുടക്കം ലഭിച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് പക്ഷേ അത് നല്ല സ്‌കോറിലേക്ക് എത്തിക്കാനായില്ല. 19 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 24 റണ്‍സെടുത്ത താരം അഞ്ചാം ഓവറില്‍ മടങ്ങി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടി ടീമിനെ വിജയിപ്പിച്ച ജോസ് ബട്ലർ ഇന്നത്തെ കളിയിൽ 8 റണ്‍സിന് പുറത്തായി.