മൂന്നു വിക്കറ്റ് വീതം നേടിയ നുവാൻ തുഷാര, ജസ്പ്രീത് ബുംറ, 2 വിക്കറ്റെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഒരു വിക്കറ്റ് വീഴ്ത്തിയ പീയൂഷ് ചൗള എന്നിവരടങ്ങിയ മുംബൈ ബോളിങ് നിരയാണ് കൊൽക്കത്തയുടെ നടുവൊടിച്ചത്.
വെങ്കടേഷ് അയ്യർ (52 പന്തിൽ 70), മനീഷ് പാണ്ഡേ (31 പന്തിൽ 42) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇവരെ കൂടാതെ ആംഗ്രിഷ് രഘുവംശി (6 പന്തിൽ 13) മാത്രമാണ് രണ്ടക്കം കടന്നത്.
advertisement
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ ഓപ്പണർ ഫിൽ സോൾട്ട് (3 പന്തിൽ 5) പുറത്തായി. നുവാൻ തുഷാരയാണ് സോൾട്ടിനെ തിലക് വർമയുടെ കൈകളിൽ എത്തിച്ചത്.
ഏഴ് ഓവർ പൂർത്തിയാകും മുൻപു തന്നെ നാല് വിക്കറ്റ് കൂടി നഷ്ടപ്പെട്ടതോടെ കൊൽക്കത്ത തകർന്നു. ആംഗ്രിഷ് രഘുവംശി (6 പന്തിൽ 13), ശ്രേയസ് അയ്യർ (4 പന്തിൽ 6), സുനിൽ നരെയ്ൻ (8 പന്തിൽ 8), റിങ്കു സിങ് (9 പന്തിൽ 8) എന്നിവരുടെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് കണ്ണടച്ച് തുറക്കുംമുൻപേ നഷ്ടപ്പെട്ടത്. ഏഴാം ഓവറിൽ 57ന് 5 എന്ന നിലയിലായിരുന്നു കൊൽക്കത്ത.
ആറാം വിക്കറ്റിൽ വെങ്കടേഷ് അയ്യർ - മനീഷ് പാണ്ഡേ സഖ്യമാണ് കൊൽക്കത്തെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 83 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്.
പതിനേഴാം ഓവറിൽ മനീഷ് പാണ്ഡയെ പുറത്താക്കി ഹാർദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ആന്ദ്രെ റസ്സൽ (2 പന്തിൽ 7), രമൺദീപ് സിങ് (4 പന്തിൽ 2), മിച്ചൽ സ്റ്റാർക് (0) എന്നിവർക്കാർക്കും പിടിച്ചുനിൽക്കാനായില്ല.
ഏറ്റവും അവസാനം പുറത്തായ വെങ്കടേഷ് അയ്യരാണ് കെകെആര്‍ സ്കോർ 160 കടത്തിയത്. 3 സിക്സും 6 ഫോറും അടങ്ങുന്നതായിരുന്നു വെങ്കടേഷിന്റെ ഇന്നിങ്സ്.