പതിനാലം സീസണ്‍ യുഎഈയില്‍ പുരോഗമിക്കുമ്പോള്‍ യുവതാരങ്ങളെല്ലാം മികച്ച പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഐ പി എല്‍ താര ലേലത്തില്‍ കെകെആറിന്റെ പുതിയ വെടിക്കെട്ട് ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ പണം വാരുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. നിലവിലെ ഫോമും ഐപിഎല്ലിന് പുറത്തെ പ്രകടനവുമെല്ലാം താരത്തിന് തുണയാകുമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. അയ്യരിനായി ലേലത്തില്‍ വലിയ പോരാട്ടം തന്നെ ഉണ്ടായേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'യാദൃശ്ചികമായി സംഭവിക്കുന്ന പ്രകടനമല്ല അയ്യരുടേത്. 12 മുതല്‍ 14 കോടി രൂപ വരെ ലഭിച്ചേക്കാം. ഫസ്റ്റ് ക്ലാസിലേയും ലിസ്റ്റ് എ കരിയറിലേയും പ്രകടനത്തെ ഞാന്‍ വിലയിരുത്തി. ശരാശരി 47 റണ്‍സും പ്രഹരശേഷി 92 ഉം. ഐപിഎല്ലിലെ അയ്യരുടെ പ്രഹരശേഷി വളരെ കൂടുതലാണ്. നന്നായി ബാറ്റ് ചെയ്യാനറിയാവുന്ന താരമാണ്. ബൗള്‍ ചെയ്യാനും കെല്‍പ്പുണ്ട്. വലിയ തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കാനാണ് സാധ്യത'- മഞ്ജരേക്കര്‍ ഇഎസ്പിന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.
advertisement
പഞ്ചാബ് കിങ്സിന് എതിരായ കളിയിലെ വെങ്കടേഷ് അയ്യറുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന് പിന്നാലെയാണ് മഞ്ജരേക്കറുടെ പ്രതികരണം. പഞ്ചാബിന് എതിരെ 49 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്സും പറത്തിയായിരുന്നു വെങ്കടേഷ് അയ്യര്‍ 67 റണ്‍സ് നേടിയത്. 41,53,18,14,67 എന്നതാണ് യുഎഇയിലെ കൊല്‍ക്കത്തയുടെ മത്സരങ്ങളില്‍ നിന്ന് വെങ്കടേഷ് അയ്യര്‍ നേടിയ സ്‌കോറുകള്‍.
മധ്യപ്രദേശ് ആഭ്യന്തര താരമായ വെങ്കടേഷ് ടോപ് ഓഡര്‍ ബാറ്റ്സ്മാനും മീഡിയം പേസറുമാണ്. 19ആം വയസ് വരെ ക്രിക്കറ്റിനെ വെങ്കടേഷ് വളരെ കാര്യമായി എടുത്തിരുന്നില്ല. വിദ്യാഭ്യാസത്തിനായിരുന്നു വെങ്കടേഷ് ആദ്യ പരിഗണന നല്‍കിയിരുന്നത്. എന്നാല്‍ അമ്മയാണ് ക്രിക്കറ്റിലേക്ക് വെങ്കടേഷിന്റെ താല്‍പര്യം വളര്‍ത്തിയത്. ബികോമിനൊപ്പം ചാറ്റേര്‍ഡ് അക്കൗണ്ടന്റ് ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു വെങ്കടേഷ്. പഠനത്തിന് ശേഷം ബംഗളൂരുവില്‍ ജോലി ലഭിച്ചു. അപ്പോഴാണ് അധികം വൈകാതെ രഞ്ജി ട്രോഫി തുടങ്ങുമെന്ന് അറിഞ്ഞത്. എന്നാല്‍ ജോലി കളഞ്ഞ് ക്രിക്കറ്റിലേക്ക് പോകാന്‍ അന്ന് താല്‍പര്യമില്ലായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനമാണ് കെകെആറിലെത്തിച്ചത്. അവസാന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് ഇന്നിങ്സില്‍ നിന്ന് 75.66 ശരാശരിയില്‍ 227 റണ്‍സ് വെങ്കടേഷ് നേടി. 149.34 സ്ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരേ 146 പന്തില്‍ 198 റണ്‍സ് നേടി അദ്ദേഹം കൈയ്യടി നേടി. ഐപിഎല്‍ 2021ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് കെകെആര്‍ വെങ്കടേഷിനെ സ്വന്തമാക്കിയത്.