രണ്ടാം ദിനം തുടക്കത്തില്‍ മികച്ച ബാറ്റിംഗുമായി രോഹിത്തും രാഹുലും ഇംഗ്ലണ്ട് ടീമിനെ ഞെട്ടിച്ചപ്പോള്‍ പൂജാര, കോഹ്ലി, രഹാനെ എന്നിവരുടെ വിക്കറ്റ് വീണതാണ് പല ക്രിക്കറ്റ് ആരാധകരെയും ആശങ്കയില്‍ തള്ളിവിട്ടത്. നേരിട്ട ആദ്യ പന്തില്‍ തന്നെ നായകന്‍ കോഹ്ലി പുറത്തായത് ക്രിക്കറ്റ് ലോകത്ത് ഒരു ഞെട്ടലായി മാറി. ആന്‍ഡേഴ്‌സണ്‍ തന്നെയാണ് കോഹ്ലിയെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറുടെ കൈകളില്‍ എത്തിച്ചത്. കോഹ്ലിയുടെ വിക്കറ്റ് നേടിയതിന് പിന്നാലെ ആന്‍ഡേഴ്‌സണ്‍ വളരെ വലിയ രീതിയിലാണ് ആഘോഷിച്ചത്. ക്രിക്കറ്റ് ആരാധകരിലും മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലും അതൊരു ചര്‍ച്ചയായി മാറിയിരുന്നു. ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. മത്സരശേഷമാണ് താരം എന്തുകൊണ്ടാണ് ആ ഒരു വിക്കറ്റ് ഇത്ര ആവേശത്തോടെ ആഘോഷിച്ചത് എന്ന് അന്‍ഡേഴ്‌സണ്‍ വിശദമാക്കി.
advertisement
'ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ കോഹ്ലിയാണ്. അദ്ദേഹത്തെ പോലെ ഒരു വിക്കറ്റ് അനായാസം വീഴ്ത്തുവാനായി സാധിക്കുക എന്നത് വലിയ നേട്ടമാണ്. എതിര്‍ ടീമിലെ മികച്ച താരത്തെ എല്ലാ തവണയും നമുക്ക് പുറത്താക്കുവാന്‍ കഴിയണമെന്നില്ല. കോഹ്ലിയുടെ വിക്കറ്റ് ആദ്യ പന്തില്‍ വീഴ്ത്തുവാനായി എനിക്ക് സാധിച്ചതില്‍ വളരെയധികം സന്തോഷമാണ് ഉള്ളത്. ഒരു വിക്കറ്റിലൂടെ ടീമിനെ മത്സരത്തില്‍ തിരികെ കൊണ്ടുവരുവാന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്.'- ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.
കുംബ്ലെയെ പിന്നിലാക്കി വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതെത്തിയ ആന്‍ഡേഴ്‌സണ് മുന്നില്‍ ഇനി 708 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസ്ട്രേലിയയുടെ ഷെയ്ന്‍ വോണും 800 വിക്കറ്റുകള്‍ നേടിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമാണുള്ളത്. 600 വിക്കറ്റ് നേട്ടം കൈവരിച്ചവരില്‍ കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച താരവും ആന്‍ഡേഴ്‌സണാണ്. 800 വിക്കറ്റുകള്‍ എടുത്ത മുരളീധരന്‍ 133 ടെസ്റ്റും 708 വിക്കറ്റുകള്‍ കൈവശമുള്ള വോണ്‍ 145 ടെസ്റ്റും 619 വിക്കറ്റുകള്‍ നേടിയ കുംബ്ലെ 132 ടെസ്റ്റുകളുമാണ് കളിച്ചിട്ടുള്ളത്.
അതേസമയം ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റെടുത്ത പേസ് ബൗളര്‍ ആന്‍ഡേഴ്‌സണ്‍ തന്നെയാണ്. ആന്‍ഡേഴ്സണ് പിന്നില്‍ രണ്ടാമതായുള്ളത് 149 ടെസ്റ്റില്‍ നിന്നും 523 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മഗ്രതാണ്.
ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് കുറിച്ച 183 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനങ്ങളുടേയും വാലറ്റത്ത് ജസ്പ്രീത് ബുംറ നടത്തിയ ചെറുത്തുനില്‍പ്പിന്റെയും ബലത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 278 റണ്‍സ് കുറിച്ചു. 84 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ഒല്ലി റോബിന്‍സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ നാല് വിക്കറ്റ് വീഴ്ത്തി.