ഇന്ത്യയെ 78 റണ്‍സിന് ലീഡ്‌സില്‍ എറിഞ്ഞൊതുക്കിയപ്പോള്‍ ഒരു തരത്തില്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയോട് ലോഡ്സിലെ തോല്‍വിക്ക് കണക്കു തീര്‍ക്കുകയായിരുന്നു. കാരണം മറ്റൊന്നുമല്ല ലോഡ്സ് ടെസ്റ്റിനിടെ ഒട്ടേറെ തവണ ഇരു ടീമുകളിലെയും താരങ്ങള്‍ വാക്പോരില്‍ ഏര്‍പ്പെട്ടിരുന്നു. ഇത്തരത്തിലുള്ള വാക്പോരുകള്‍ തന്നെയാണ് ആ മത്സരം ആവേശകരമാക്കിയതും. ലോര്‍ഡ്സില്‍ 151 റണ്‍സിന് തോറ്റതിന്റെ ക്ഷീണത്തിലിരിക്കാതെ ടീമില്‍ മാറ്റങ്ങളുമായി ശക്തമായ തിരിച്ചുവരവാണ് ത്രീ ലയണ്‍സ് എന്ന വിളിപ്പേരുള്ള ഇംഗ്ലണ്ട് നടത്തിയിരിക്കുന്നത്. അതില്‍ ജെയിംസ് ആന്‍ഡേഴ്സണിന്റെ പ്രകടനമാണ് എടുത്ത് പറയേണ്ടത്.
advertisement
ഇപ്പോഴിതാ ലോര്‍ഡ്സിലെ തോല്‍വിയില്‍ നിന്ന് ഇത്തരമൊരു ശക്തമായ തിരിച്ചുവരവ് നടത്താന്‍ എങ്ങനെ സാധിച്ചുവെന്ന് വിശദമാക്കിയിരിക്കുകയാണ് സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്സന്‍. 'ലോര്‍ഡ്സില്‍ മികച്ച പ്രകടനമായിരുന്നില്ല ഞങ്ങള്‍ക്ക് നടത്താനായത്.എന്നാല്‍ നല്ല കുറച്ച് ദിവസങ്ങള്‍ അതിന് ശേഷം ലഭിച്ചു. ഞങ്ങള്‍ ചെയ്ത മികച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനുള്ള സമയം ലഭിച്ചു. നാല് ദിവസവും മികച്ച പ്രകടനം തന്നെയാണ് ഞങ്ങള്‍ നടത്തിയത്. അതിനാല്‍ തന്നെ ലീഡ്സില്‍ ജയിക്കാനായുള്ള അതിയായ ആഗ്രഹത്തോടെയും ശക്തമായി പോരാടാനുള്ള മനോഭാവത്തോടെയുമാണ് ഇറങ്ങിയത്. പന്തുകൊണ്ട് അത് മനോഹരമായിത്തന്നെ ചെയ്യാന്‍ ഞങ്ങള്‍ക്കായി. എല്ലാവരും നന്നായി പന്തെറിഞ്ഞു. വളരെ പ്രധാനപ്പെട്ട മത്സരമാണിതെന്ന് ഞങ്ങള്‍ക്കറിയാവുന്നതിനാല്‍ത്തന്നെ നന്നായി തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു'- ആന്‍ഡേഴ്സന്‍ പറഞ്ഞു.
ലോഡ്സ് ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറ, വിരാട് കോഹ്ലി എന്നിവരുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ കൊമ്പു കോര്‍ത്തിരുന്നു. ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ് ആന്‍ഡേഴ്സണ്‍ ഇപ്പോള്‍ പ്രകടനത്തിലൂടെ നല്‍കിയിരിക്കുന്നത്. ടോസ് നേടി ലീഡ്സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 78 റണ്‍സിലാണ് കൂടാരം കയറിയത്. മൂന്ന് വിക്കറ്റുമായി ഇന്ത്യയുടെ മുനയൊടിച്ചത് ആന്‍ഡേഴ്സണായിരുന്നു. കെ എല്‍ രാഹുലിനെ അക്കൗണ്ട് തുറക്കും മുമ്പ് കൂടാരം കയറ്റിയ ആന്‍ഡേഴ്സണ്‍ ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി എന്നീ സൂപ്പര്‍ താരങ്ങളെയും മടക്കി അയച്ചു. കോഹ്ലിയെ ഏഴാം തവണയാണ് ടെസ്റ്റില്‍ ആന്‍ഡേഴ്സണ്‍ പുറത്താക്കുന്നത്. അദ്ദേഹത്തിന്റെ ഓഫ് സ്റ്റമ്പിനോട് ചേര്‍ന്നുള്ള ഔട്ട് സ്വിങ്ങറുകളാണ് കോഹ്ലിയെ പലപ്പോഴും കുടുക്കുന്നത്.