മറ്റ് കളികൾ പോലെ തന്നെ പണ്ട് മുതൽ ഉണ്ടായിരുന്ന കളി തന്നെയാണ് ജാവലിൻ ത്രോയും. പുരാതന ഗ്രീക്ക് ഒളിമ്പിക്സിലെ പെന്റാത്‍ലോണിന്റെ ഭാഗമായിരുന്നു ഇത്. അത്‌ലറ്റിക്‌സിനുള്ള അന്താരാഷ്ട്ര ഭരണസമിതിയായ വേൾഡ് അത്‌ലറ്റിക്‌സ് പറയുന്നത് അനുസരിച്ച് അത്‍ലറ്റുകൾ കഴിയുന്നത്ര നീളത്തിൽ ലോഹമുനയുള്ള ജാവലിൻ എറിയുന്ന കളിയാണ് ജാവലിൻ ത്രോ. ഇതിന് ശക്തി, സമയം, ഏകോപനം, കൃത്യത എന്നിവ സംയോജിപ്പിക്കേണ്ടതുണ്ട്.
കായികതാരം ജാവലിനെ അതിന്റെ ഗ്രിപ്പ് ഉള്ള ഭാഗത്ത് അഗ്രത്തോട് ചേർന്ന് ചെറുവിരൽ വരുന്ന വിധം പിടിക്കണം. പുരുഷന്മാരുടെ ജാവലിന് കുറഞ്ഞത് 800 ഗ്രാം തൂക്കവും 2.6 മീറ്റർ -2.7 മീറ്റർ നീളവും സ്ത്രീകളുടെ ജാവലിന് 600 ഗ്രാം ഭാരവും 2.2 മീറ്റർ 2.3 മീറ്റർ നീളവും ഉണ്ടായിരിക്കും.
advertisement
1908ലാണ് ഒളിമ്പിക്സിൽ ജാവലിൻ ത്രോ ഉൾപ്പെടുത്തിയത്. പരമ്പരാഗതമായി, സ്കാൻഡിനേവിയൻ അത്‌ലറ്റുകളാണ് ഈ മത്സരത്തിൽ കൂടുതലും വിജയിക്കാറുള്ളത്. ജാവലിൻ ത്രോയുടെ ആദ്യ ദേശീയ ചാമ്പ്യൻഷിപ്പ് സ്വീഡനിലാണ് നടന്നത്. ചെക്ക് അത്‌ലറ്റ് ജാൻ സെലെസ്നിയെയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച ജാവലിൻ ത്രോ താരമായി കണക്കാക്കുന്നത്. 1992-2000 മുതൽ ഒളിമ്പിക് കിരീടങ്ങളുടെ ഹാട്രിക് നേടിയ അദ്ദേഹം 1996 ൽ 98.48 മീറ്റർ ലോക റെക്കോർഡ് സ്ഥാപിച്ചു.
നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ പ്രസിദ്ധീകരിച്ച "പുരുഷന്മാരുടെ ജാവലിൻ ത്രോയിലെ പ്രകടനത്തിന് നിർണ്ണായകമായ ബയോമെക്കാനിക്കൽ ഘടകങ്ങൾ" എന്ന പ്രബന്ധം ഈ കായിക ഇനത്തിന്റെ മികച്ച പ്രകടനത്തിന് നിർണായകമായ ഘടകങ്ങളിലേക്ക് വെളിച്ചം വീശുന്നു: "മറ്റ് എറിയുന്ന ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ജാവലിൻ താരതമ്യേന എയറോഡൈനാമിക് ആണ്. എന്നിരുന്നാലും, റിലീസ് വേഗതയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. എന്നാൽ ജാവലിന്റെ റിലീസ് വേഗതയുടെ 70% വരെ അവസാന 0.1 സെക്കൻഡിലാണ് സംഭവിക്കുന്നതെന്നും" ഗവേഷണത്തിൽ പറയുന്നു.
ഇന്ത്യയുടെ 100 വർഷത്തെ കാത്തിരിപ്പാണ് നീരജ് തന്റെ സ്വർണ നേട്ടം കൊണ്ട് അവസാനിപ്പിച്ചത്. ഫൈനലിൽ ജാവലിൻ 87.58 മീറ്റർ ദൂരം എറിഞ്ഞ് നീരജ് 130 കോടി വരുന്ന ജനങ്ങളുടെ സ്വപ്നത്തിന് സ്വർണത്തിളക്കം ചാർത്തി. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സിൽ ഒരു അത്‍ലറ്റിക്സ് ഇനത്തിൽ ലഭിക്കുന്ന ആദ്യ സ്വർണമാണിത്. ഹരിയാനയിലെ പാനിപ്പത്തിനടുത്തുള്ള ഖന്ദ്ര ഗ്രാമത്തിൽ നിന്നുള്ള 23കാരനായ നീരജ് ചോപ്ര ഒരു കർഷകന്റെ മകനാണ്. നിലവിൽ കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ ആണ് നീരജ് ചോപ്ര.