ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ധവാന്‍. വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടും അതിനെ അതിജീവിച്ച് പരമ്പര ഉയര്‍ത്താനും മുന്നില്‍ നിന്ന് നയിക്കാനും ധവാന് കഴിഞ്ഞു. ഇപ്പോള്‍ ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍. ശിഖര്‍ ധവാനില്‍ മറ്റൊരു ധോണിയെ കാണാനാവുന്നുണ്ടെന്നാണ് കമ്രാന്‍ അക്മല്‍ അഭിപ്രായപ്പെടുന്നത്. 'ആദ്യ ടി20യിലെ ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സി മനോഹരമായിരുന്നു. ബൗളിങ്ങില്‍ വരുത്തിയ വ്യത്യാസങ്ങളും ഫീല്‍ഡിങ്ങിലെ വിന്യാസങ്ങളും പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. കൂള്‍ നായകനായാണ് ധവാനെ കണ്ടത്. ധവാന്റെ ശാന്തതയോടെയുള്ള ക്യാപ്റ്റന്‍സിയില്‍ ധോണിയുടെ ചില ശൈലികളുടെ സ്വാധീനമുണ്ട്'- കമ്രാന്‍ പറഞ്ഞു.
advertisement
'എന്റെ അഭിപ്രായത്തില്‍ ധോണിയെ പോലെ ഒരു കൂള്‍ ക്യാപ്റ്റനാണ് ശിഖര്‍ ധവാന്‍. ആദ്യ ടി20യില്‍ ഒരു വിക്കറ്റ് പോലും നഷ്ടപെടാതെ ശ്രീലങ്കന്‍ ടീം 2 ഓവറില്‍ 20 റണ്‍സ് അടിച്ചിട്ടും ധവാന്‍ ഒരു തരത്തിലും പതറിയില്ല. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മനോഹരമായി തീരുമാനങ്ങളെടുക്കാന്‍ അവന് സാധിക്കുന്നുണ്ട്. രണ്ടോവറില്‍ ശ്രീലങ്ക വിക്കറ്റ് നഷ്ടപ്പെടാതെ 20 റണ്‍സ് നേടിയടുത്തുനിന്ന് 38 റണ്‍സ് വിജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചു. ഇതില്‍ ധവാന്‍ വലിയ പ്രശംസ അര്‍ഹിക്കുന്നു. ബൗളര്‍മാരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്'-കമ്രാന്‍ പറഞ്ഞു.
ഇന്ത്യയുടെ ഉപ നായകന്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനത്തെയും കമ്രാന്‍ പ്രശംസിച്ചു. 'വൈസ് ക്യാപ്റ്റനായ ഭുവനേശ്വര്‍ കുമാര്‍ തന്റെ പരിചയസമ്പത്തിനെ നന്നായി ഉപയോഗിച്ചു. ക്ലാസ് ബൗളറാണവന്‍. 165 റണ്‍സ് വിജയലക്ഷ്യം ഇന്നത്തെ ക്രിക്കറ്റില്‍ അത്ര വലുതല്ല. എന്നാല്‍ ഇന്ത്യയുടെ ബൗളിങ് നിര അവസരത്തിനൊത്ത് ഉയര്‍ന്നു. ശ്രീ ലങ്കയുടെ ബാറ്റ്സ്മാന്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാനുമായില്ല'-കമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ഗംഭീര ജയമാണ് നേടിയത്. ആതിഥേയരായ ശ്രീലങ്കയെ 38 റണ്‍സിനാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ തകര്‍ത്തെറിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 165 റണ്‍സ് വിജയ ലക്ഷ്യം ശ്രീലങ്കയ്ക്ക് മുമ്പില്‍ വെച്ചപ്പോള്‍ 18.3 ഓവറില്‍ 126 റണ്‍സിനാണ് ശ്രീലങ്ക കൂടാരം കയറിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഉപനായകന്‍ ഭുവനേശ്വര്‍ കുമാറാണ് ശ്രീലങ്കയെ തകര്‍ത്തത്. കളിയിലെ താരവും ഭുവിയായിരുന്നു.