ലീഡ്സ് ടെസ്റ്റില്‍ ആരായിരിക്കും ഇംഗ്ലണ്ടിന്റെ ഹീറോ എന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഇന്നിങ്സില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ പോകുന്നത് സ്പിന്നര്‍ മോയീന്‍ അലിയായിരിക്കുമെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു.
'ഹെഡിങ്‌ലിയിലെ പിച്ച് സ്പിന്നിന് അനുകൂലമായി മാറുകയാണ്. അതിനാല്‍ മത്സരത്തില്‍ മോയീന്‍ അലി നിര്‍ണായക സ്വാധീനം ചെലുത്തും. ഞായറാഴ്ച അലി ആറ് വിക്കറ്റുമായി തിളങ്ങും. ഇംഗ്ലണ്ട് പരമ്പരയില്‍ 1-1ന് ഒപ്പമെത്തുകയും ചെയ്യും.' പീറ്റേഴ്‌സണ്‍ പറഞ്ഞു.
മല്‍സരം പുരോഗമിക്കുമ്പോള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്ന ചരിത്രമുള്ള പിച്ചാണ് ലീഡ്സിലേത്. ഇതു കാരണമാവാം അലി രണ്ടാമിന്നിങ്സില്‍ കസറുമെന്ന് അദ്ദേഹം പ്രവചിച്ചത്. ആദ്യ ഇന്നിങ്സില്‍ അലിക്കു കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടോവര്‍ മാത്രം ബൗള്‍ ചെയ്ത അദ്ദേഹം നാലു റണ്‍സ് വിട്ടുകൊടുത്തിരുന്നു. പക്ഷെ വിക്കറ്റൊന്നും കിട്ടിയിരുന്നില്ല.
advertisement
അതേസമയം പീറ്റേഴ്‌സണിന്റെ ഈ പ്രവചനത്തോടു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഇന്ത്യ എങ്ങനെയായിരിക്കും ബാറ്റ് ചെയ്യുകയെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് താനെന്നായിരുന്നു കണ്ണിറുക്കിയുള്ള ഇമോജിയോടു കൂടി ജാഫര്‍ ട്വീറ്റ് ചെയ്തത്.
ലീഡ്സില്‍ റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും
ലീഡ്സിലെ സെഞ്ച്വറി പ്രകടനത്തിലൂടെ ഇംഗ്ലണ്ട് നായകന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് എതിരെ റൂട്ട് നേടുന്ന എട്ടാം സെഞ്ച്വറിയാണിത്. കൂടാതെ ഈ ടെസ്റ്റ് പരമ്പരയിലെ മൂന്നാം സെഞ്ച്വറിയും. ആദ്യ രണ്ട് ടെസ്റ്റിലും താരം സെഞ്ച്വറികള്‍ അടിച്ചെടുത്തിരുന്നു.
ഇന്ത്യക്ക് എതിരെ എട്ടാം സെഞ്ച്വറിയെന്ന ഈ നേട്ടത്തോടെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളിലായി ഏറ്റവും അധികം സെഞ്ച്വറികള്‍ നേടിയ ബാറ്റ്സ്മാനായി റൂട്ട് മാറി. ഏഴ് സെഞ്ച്വറി പ്രകടനങ്ങള്‍ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അലിയസ്റ്റര്‍ കുക്ക് എന്നിവരെയാണ് റൂട്ട് ഈ ലിസ്റ്റില്‍ മറികടന്നത്. കൂടാതെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനായി ഏറ്റവും അധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റൂട്ട് മുന്‍ താരം കെവിന്‍ പിറ്റേഴ്‌സണിനൊപ്പം രണ്ടാമത് എത്തിയിട്ടുണ്ട്.