മത്സരം കഴിഞ്ഞ് ഔദ്യോഗിക ക്യാമറകൾ ഓഫ് ചെയ്ത ശേഷം, തന്റെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടതെന്നാണ് ലളിത് മോദി അവകാശപ്പെടുന്നത്. താരങ്ങൾ ഷേക്ക് ഹാൻഡ് നൽകുന്നതിനിടെ, ഹർഭജൻ സിങ് കൈയുടെ പിൻഭാഗം കൊണ്ട് ശ്രീശാന്തിനെ അടിക്കുന്നതും, ഇതിൽ ഞെട്ടിപ്പോയ ശ്രീശാന്ത് ദേഷ്യത്തോടെ പ്രതികരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഇരു ടീമുകളിലെയും താരങ്ങൾ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
ഈ സംഭവം തന്റെ ജീവിതത്തിൽ വലിയ ദുഃഖമുണ്ടാക്കിയെന്നും, ശ്രീശാന്തിനോട് 200 തവണയെങ്കിലും മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഹർഭജൻ സിങ് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം വർഷങ്ങളോളം തന്നെ വേട്ടയാടിയെന്നും, ഒരിക്കൽ ശ്രീശാന്തിന്റെ മകൾ തന്നോട് "നിങ്ങൾ എന്റെ അച്ഛനെ തല്ലിയ ആളല്ലേ" എന്ന് ചോദിച്ചപ്പോൾ താൻ കരഞ്ഞുപോയെന്നും ഹർഭജൻ പറഞ്ഞു.
ഈ സംഭവത്തെത്തുടർന്ന് ഹർഭജൻ സിങ്ങിനെ ഐപിഎല്ലിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദം വീണ്ടെടുക്കുകയും അടുത്ത സുഹൃത്തുക്കളാവുകയും ചെയ്തു.