മത്സരങ്ങള്‍ ഒരൊറ്റ വേദിയില്‍ നടത്തണമെന്ന എഎഫ്സിയുടെ തീരുമാനത്തിന്റെ ഭാഗമായി പ്ലേ ഓഫും ഗ്രൂപ്പ് ഡിയിലെ എല്ലാ മത്സരങ്ങളും മാലിദ്വീപിലാണ് സംഘടിപ്പിക്കുന്നത്. മത്സരത്തിനായി എത്തുന്ന താരങ്ങള്‍, ക്ലബുകളുടെ സ്റ്റാഫുകള്‍ എന്നിവര്‍ ഹോട്ടലില്‍ തന്നെ തങ്ങണമെന്നും മത്സരത്തിനും പരിശീലനത്തിനും അല്ലാതെ പുറത്തിറങ്ങരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതാണ് ബെംഗളൂരു എഫ്സി താരങ്ങള്‍ ലംഘിച്ചത്.
രാജ്യത്തെ ഒരു പ്രാദേശിക ചാനല്‍ ബെംഗളൂരു താരങ്ങള്‍ മാലിദ്വീപിലെ തെരുവുകളിലൂടെ നടക്കുന്നത് പുറത്തു വിട്ടതിനെ തുടര്‍ന്ന് സംഭവം വിവാദമായപ്പോഴാണ് പാര്‍ത്ത് ജിന്‍ഡാല്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്. വിദേശതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമടക്കം മൂന്നു പേര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. കുറിപ്പില്‍ ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും താരങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.
advertisement
എന്നാല്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഇതുപോലെയൊരു വീഴ്ച വരുത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ മാലിദ്വീപ് കായികമന്ത്രി അഹ്‌മദ് മഹ്ലൂഫ്, ടീം രാജ്യം വിടണമെന്ന് ആവശ്യപ്പെടുകയും അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ മാലിദ്വീപ് ഫുട്‌ബോള്‍ അസോസിയേഷനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ മാറ്റിവെക്കാനും അവര്‍ ആവശ്യപ്പെട്ടു.
ഇതിനു പിന്നാലെ മത്സരങ്ങള്‍ മുഴുവനായും മാറ്റി വെച്ചുവെന്നും കളിക്കാനെത്തിയ ക്ലബുകള്‍ മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും എഎഫ്സിയുടെ ഭാഗത്ത് നിന്നും അറിയിപ്പുണ്ടായി. ബെംഗളൂരു എഫ്സിക്ക് പുറമെ ഇന്ത്യയില്‍ നിന്നും മറ്റൊരു ക്ലബായ എടികെ മോഹന്‍ ബഗാനും മത്സരങ്ങള്‍ക്കായി മാലിദ്വീപില്‍ എത്തിയിരുന്നു. ബെംഗളൂരുവും ഈഗിള്‍സ് എഫ് സിയും തമ്മിലുള്ള മത്സരത്തിലെ വിജയികളാണ് ബഗാനെ നേരിടാനിരുന്നത്.
