2025 ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് മുൻ ഓസ്ട്രലിയൻ താരം മാത്യു ഹെയ്ഡൻ. ഓൾ ഓവർ ബാർ ദി ക്രിക്കറ്റ്' എന്ന യൂട്യൂബ് ചാനലിലെ ഒരു ചർച്ചയ്ക്കിടെയാണ് ഈ പരാമർശം നടത്തിയത്. ഹെയ്ഡൻ ഇക്കാര്യം പറഞ്ഞതോടെ പാനലിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ചിരി പടർന്നു. നവംബർ 21ന് ഓസ്ട്രേലിയിലെ പെർത്തിലാണ് അഞ്ച് മത്സരങ്ങളുള്ള ആഷസ് പരമ്പര ആരംഭിക്കുന്നത്.
advertisement
ഹെയ്ഡന്റെ മകളും സ്പോർട്സ് അവതാരകയുമായ ഗ്രേസ് ഹെയ്ഡൻ ഉൾപ്പെടെ നിരവധി പേർ ഈ കമന്റിന് മറുപടി നൽകി. ദയവായി സെഞ്ച്വറിയടിച്ച് തന്നെ ഈ നാണക്കേടിൽ നിന്ന് രക്ഷിക്കണേ എന്നാണ് ഗ്രേസ് ഹെയ്ഡൻ ജോ റൂട്ടിനോട് കമന്റിലൂടെ അഭ്യർത്ഥിച്ചത്.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായാണ് ക്രിക്കറ്റ് ലോകം ജോ റൂട്ടിനെ വിശേഷിപ്പിക്കുന്നത്. ടെസ്റ്റ് കരിയറിൽ മികച്ച റെക്കോഡ് ഉണ്ടായിരുന്നിട്ടും ഓസ്‌ട്രേലിയയിൽ ഒരു സെഞ്ച്വറി അദ്ദേഹത്തിന് നേടാനായിട്ടില്ല. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി 14 ടെസ്റ്റുകളിൽ നിന്ന് 35.6 ശരാശരിയിൽ 892 റൺസ് ജോ റൂട്ട് നേടിയിട്ടുണ്ടെങ്കിലും സെഞ്ച്വറി നേടാനായിട്ടില്ല.
2012 ഡിസംബറിൽ ഇന്ത്യയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച റൂട്ട് 134 ടെസ്റ്റുകളിൽ കളിച്ചിട്ടുണ്ട്. 288 ഇന്നിംഗ്‌സുകളിൽ നിന്ന് 51.29 ശരാശരിയിൽ 13,543 റൺസ് നേടിയ അദ്ദേഹം, ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കറിന് (15,921 റൺസ്) പിന്നിൽ രണ്ടാമത്തെ ഉയർന്ന റൺ വേട്ടക്കാരനാണ്. 30 സെഞ്ച്വറിയും 69 അർദ്ധ സെഞ്ച്വറിയും നേടിയ റൂട്ട് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടിയ താരവും ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ കളിക്കാരിൽ നാലമതുമാണ്.