നെയ്മറിന്‍റെ ഗോളിൽ ബ്രെസ്റ്റയെ പി.എസ്.ജി പരാജയപ്പെടുത്തിയ മത്സരത്തിലാണ് മെസിയുടെ ഗോളിന് അറിഞ്ഞോ അറിയാതെയോ എംബാപ്പെ ഇടങ്കോലിട്ടത്. മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിലാണ് സംഭവം. ബോക്‌സിന് മുന്നിൽവെച്ച് ഉയർന്ന് വന്ന പന്ത് മെസി നെഞ്ച് കൊണ്ട് സ്വീകരിച്ച് ഒരു ഫസ്റ്റ് ടൈം ഷോട്ട് ഉതിര്‍ത്തു. ഇടങ്കാൽ കൊണ്ടുള്ള ആ തകർപ്പൻ ഷോട്ട് ഗോളാകുമെന്ന് ഏവരും ഉറപ്പിച്ചു. എന്നാൽ പന്ത് എംബാപ്പെയുടെ കാലില്‍ തട്ടി പുറത്തേക്ക് പോകുന്നതാണ് കണ്ടത്.
ഏറെ നിരാശയോടെയാണ് മെസി അത് കണ്ടുനിന്നത്. പി.എസ്.ജി ആരാധകരും നിരാശയിലാണ്ടു. എന്നാൽ അതിവേഗം അതെല്ലാം മറികടന്ന് പി.എസ്.ജി ശക്തമായ ആക്രമണം കാഴ്ചവെച്ചു. അങ്ങനെ മുപ്പതാം മിനിറ്റില്‍ മത്സരത്തിലെ വിജയഗോൾ പിറന്നു. ഇത്തവണ നെയ്മര്‍ വല കുലുക്കിയത് മെസിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു.
ആദ്യ പകുതിയിൽ ഗോൾ നേടാനാകാതിരുന്ന മെസിയെ തേടി സുവർണാവസരങ്ങൾ രണ്ടാം പകുതിയിൽ എത്തിയെങ്കിലും ഗോൾ അകന്നുനിന്നു. എംബാപ്പെയുടെ ക്രോസില്‍ ഹെഡ്ഡറിലൂടെ വല കുലുക്കാൻ മെസി ശ്രമിച്ചു. എന്നാല്‍ പന്ത് പോസ്റ്റിലിടിച്ച് മടങ്ങി. പി.എസ്.ജിയിലെത്തി കഴിഞ്ഞ സീസണിൽ പെരുമയ്ക്കൊത്ത പ്രകടനം നടത്താനായില്ലെങ്കിലും ഈ സീസണിൽ മെസി തകർപ്പൻ ഫോമിലാണ്. പി.എസ്.ജിയ്ക്കുവേണ്ടി ഏഴ് മത്സരം കളിച്ചപ്പോള്‍ മൂന്ന് ഗോളും ഏഴ് അസിസ്റ്റും അർജന്‍റീന താരത്തിന്റെ പേരിലുണ്ട്.