അഞ്ചാം മിനിട്ടിൽ ഹ്യൂഗോ എകിറ്റികെയിലൂടെയാണ് പി.എസ്.ജി മുന്നിലെത്തിയത്. എൻമുകീലെയുടെ അസിസ്റ്റിൽനിന്നാണ് എകിറ്റികെ ഗോൾ സ്കോർ ചെയ്തത്. 72-ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോൾ. എകിറ്റികെയും മുകീലെയും ചേർന്ന നടത്തിയ നീക്കത്തിനൊടുവിലാണ് മെസി ലക്ഷ്യം കണ്ടത്. ഓഫ് സൈഡ് സംശയമുണ്ടായിരുന്നെങ്കിലും വാർ പരിശോധനയ്ക്കൊടുവിൽ ഗോൾ അനുവദിക്കുകയായിരുന്നു. ഈ സീസണിലെ അദ്ദേഹത്തിന്റെ എട്ടാം ലീഗ് ഗോൾ ആയിരുന്നു ഇത്.
ഫ്രഞ്ച് ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ടീമാണ് ആംഗേഴ്സ്. സൂപ്പർതാരം കീലിയൻ എംബാപ്പെ ഇല്ലാതെയാണ് പി.എസ്.ജി ഈ മത്സരത്തിന് ഇറങ്ങിയത്. അതേസമയം രണ്ടു മത്സരങ്ങളിലെ സസ്പെൻഷന് ശേഷം തിരിച്ചെത്തിയ നെയ്മർ ഈ മത്സരത്തിൽ ഒരു മഞ്ഞ കാർഡ് കണ്ടു.
advertisement
ഈ മത്സരത്തിലെ ജയത്തോടെ പി.എസ്.ജി ഫ്രഞ്ച് ലീഗ് വണ്ണിൽ 47 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. രണ്ടാം സ്ഥാനക്കാരായ ലെൻസ് 19-ാം സ്ഥാനക്കാരായ സ്ട്രാസ്ബർഗിനോട് 2-2 ന് സമനില വഴങ്ങി. ഇതോടെ പി.എസ്.ജിക്ക് ഒന്നാം സ്ഥാനത്ത് ആറ് പോയിന്‍റിന്‍റെ ലീഡുണ്ട്.
ഡിസംബർ 18-ന് നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്‍റീന പെനാൽറ്റി ഷൂട്ടൌട്ടിലാണ് ലോകകിരീടം സ്വന്തമാക്കിയത്. അധികസമയം പിന്നിട്ടപ്പോൾ 3-3ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ മെസി രണ്ടു ഗോളുകൾ സ്കോർ ചെയ്തിരുന്നു. ഷൂട്ടൌട്ടിലെ ആദ്യ കിക്കും മെസി ഗോളാക്കിയിരുന്നു.