'എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഞാൻ വിരമിക്കുകയാണ്. കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങളില്‍ ടീം സുരക്ഷിതമാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ഭാവിയും ശോഭനമാണ്.ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. ക്രിക്കറ്റിലൂടെയാണ് എന്റെ വ്യക്തിത്വ൦ രൂപപ്പെട്ടത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ രൂപാന്തരണത്തിനായി സംഭാവനകൾ നൽകാൻ സാധിച്ചുവെന്ന് വിശ്വസിക്കുന്നു.' - മിതാലി കുറിച്ചു.
'ഒരു ക്രിക്കറ്റ് താരമെന്ന നിലയിലും പിന്നീട് ഇന്ത്യൻ ക്യാപ്റ്റനെന്ന രീതിയിലും നൽകിയ പിന്തുണയ്ക്ക് ബിസിസിഐയോടും സെക്രട്ടറി ജയ് ഷായോടും നന്ദി പറയുന്നു. വർഷങ്ങളായി നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് ഞാൻ പ്രത്യേകമായി നന്ദി പറയുന്നു. ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിന് ഇതേ പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു.' - മിതാലി പറഞ്ഞു.
1999ൽ, തന്റെ 16-ാ൦ വയസ്സിലാണ് മിതാലി രാജ് ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റിൽ അരങ്ങേറിയത്. ഏകദിനത്തിലായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടിക്കൊണ്ട് വരവറിയിച്ച മിതാലി, ഒന്നിന് പുറകെ ഒന്നായി നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ട്വെന്റി 20 മത്സരങ്ങളും മിതാലി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 699 റൺസ്, ഏകദിനത്തില്‍ 7805 റണ്‍സ്, ടി20യിൽ 2364 റണ്‍സുമാണ് മിതാലി തന്റെ 23 വർഷം നീണ്ട കരിയറിൽ നിന്നും നേടിയത്.