ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് എതിരെ റൂട്ട് നേടുന്ന എട്ടാം സെഞ്ച്വറിയാണിത്. കൂടാതെ ഈ ടെസ്റ്റ് പരമ്പരയിലെ മൂന്നാം സെഞ്ച്വറിയും. ആദ്യ രണ്ട് ടെസ്റ്റിലും താരം സെഞ്ച്വറികള്‍ അടിച്ചെടുത്തിരുന്നു. ഇപ്പോഴിതാ മൂന്നാം ടെസ്റ്റിലെ തിരിച്ചടി ടീമിനെ തളര്‍ത്തിയിട്ടില്ലെന്ന് തുറന്ന് പറയുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.
'മാനസികമായി ഞങ്ങളെ ഇത് ബാധിച്ചിട്ടില്ല. മൂന്ന് ദിവസത്തില്‍ ഞങ്ങള്‍ കളി തീര്‍ത്തിട്ടുണ്ട്. ഒരുപാട് മത്സരങ്ങള്‍ രണ്ട് ദിവസം കൊണ്ടും ഞങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം സംഭവിക്കും. അതില്‍ നിരാശപ്പെടേണ്ടതില്ല. കാരണം ഇനി രണ്ട് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ട്'- മത്സരശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ ഷമി പറഞ്ഞു.
advertisement
'റൂട്ടിന്റെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ അധികം ചിന്തിക്കുന്നില്ല. ക്യാപ്റ്റനൊപ്പം മറ്റ് ചില ഇംഗ്ലണ്ട് ബാറ്റ്മാന്‍മാരും മികച്ച സ്‌കോര്‍ നേടിയിട്ടുണ്ട്. മത്സരത്തിന്റെ ഫലം എന്താവും എന്നത് മാത്രമാണ് ഞങ്ങള്‍ക്ക് വിഷയം. നിലവില്‍ മികച്ച ഫോമിലാണ് റൂട്ട്. ലോര്‍ഡ്സില്‍ റൂട്ട് സെഞ്ചുറി നേടിയിട്ടും ഇന്ത്യ ജയിച്ചു. അവിടെ 200ന് അടുത്ത് റൂട്ട് കണ്ടെത്തി. പക്ഷേ ഞങ്ങള്‍ ഇപ്പോഴും 1-0ന് മുന്‍പിലാണ്. അവസാന മത്സര ഫലത്തെക്കുറിച്ച് മാത്രമാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ഒരു ബാറ്റ്‌സ്മാന്‍ കൂടുതല്‍ സ്‌കോര്‍ നേടിയതൊന്നും പ്രശ്‌നമല്ല. അതിനെക്കുറിച്ചോര്‍ത്ത് അനാവശ്യ സമ്മര്‍ദ്ദം ചെലുത്താനും ആഗ്രഹിക്കുന്നില്ല'- ഷമി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് എതിരെ എട്ടാം സെഞ്ച്വറിയെന്ന ഈ നേട്ടത്തോടെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളിലായി ഏറ്റവും അധികം സെഞ്ച്വറികള്‍ നേടിയ ബാറ്റ്‌സ്മാനായി റൂട്ട് മാറി. ഏഴ് സെഞ്ച്വറി പ്രകടനങ്ങള്‍ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അലിയസ്റ്റര്‍ കുക്ക് എന്നിവരെയാണ് റൂട്ട് ഈ ലിസ്റ്റില്‍ മറികടന്നത്. കൂടാതെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനായി ഏറ്റവും അധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റൂട്ട് മുന്‍ താരം കെവിന്‍ പിറ്റേഴ്സണിനൊപ്പം രണ്ടാമത് എത്തിയിട്ടുണ്ട്.