നാലാം ദിനം കളി ആരംഭിച്ച് അഞ്ചാമത്തെ ഓവറില്‍ തന്നെ റോറി ബേണ്‍സിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ഇംഗ്ലണ്ടിന് ഭേദപ്പെട്ട ലീഡ് സമ്മാനിക്കുകയായിരുന്നു. 172 പന്തില്‍ 14 ബൗണ്ടറി സഹിതം 109 റണ്‍സുമായാണ് താരം മടങ്ങിയത്. നാലാം ദിനം ആരാധകര്‍ക്ക് ആവേശം പകരുന്ന രംഗങ്ങള്‍ക്കും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ സാം കറനും ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജും തമ്മിലുണ്ടായ വാക് പോരായിരുന്നു ആരാധകര്‍ക്ക് ആവേശം പകര്‍ന്നത്. 74ആം ഓവറിലെ അവസാന പന്ത് എറിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സാം കറനെ പ്രകോപിപ്പിക്കാനായി സിറാജ് ശ്രമം നടത്തുകയായിരുന്നു. യുവതാരം സാം കറന്റെ അടുത്തേക്ക് വന്ന് സിറാജ് എന്തോ പറയുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ ക്യാപ്റ്റന്‍ കോഹ്ലി സിറാജിനെ ശാന്തനാക്കാനായി അടുത്തേക്ക് വരുന്നതും കാണാം.
advertisement
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ചെറുതല്ലാത്ത തലവേദന സൃഷ്ടിച്ച കൂട്ടുകെട്ടായിരുന്നു ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും തമ്മിലുണ്ടാക്കിയത്. ഈ കൂട്ടുകെട്ട് പൊളിക്കാനായി ഇന്ത്യ കഠിന പരിശ്രമം നടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 43 റണ്‍സാണ് നേടിയത്. എന്നാല്‍ 58-ാം ഓവറില്‍ മുഹമ്മദ് സിറാജ് താരത്തെ രവീന്ദ്ര ജഡേജയുടെ കൈകളില്‍ എത്തിച്ചു. പുറത്തായ ബെയര്‍സ്റ്റോയെ സിറാജ് തന്റേതായ സ്റ്റൈലിലാണ് യാത്രയയച്ചത്. ചുണ്ടുകള്‍ക്ക് കുറുകെ വിരല്‍ വച്ചു കൊണ്ട് മിണ്ടാതെ പോകൂവെന്ന അര്‍ത്ഥം വരുന്ന ആംഗ്യം കാണിച്ചു കൊണ്ടായിരുന്നു സിറാജ് ബെയര്‍സ്റ്റോയെ യാത്രയാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കൂടാതെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിനിടെ ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്റേഴ്സണും ഇന്ത്യന്‍ ബാറ്റര്‍ മുഹമ്മദ് സിറാജും തമ്മിലുണ്ടായ വാക് പോര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ വച്ച് ആന്റേഴ്സണ്‍ സിറാജിനെ പ്രകോപിപ്പിക്കാനായി വെല്ലുവിളിക്കുകയായിരുന്നു. അപ്പോഴും സിറാജ് തിരിച്ചടിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.