"ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ നേരത്തെ എസിസിക്ക് കത്തെഴുതിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ഷെലാർ അംഗങ്ങളെ അറിയിച്ചു. ട്രോഫിയും മെഡലുകളും എസിസിയുടെ ദുബായിലെ ഓഫീസിലേക്ക് എത്തിക്കണമെന്നും അവിടെനിന്ന് ഇന്ത്യൻ ബോർഡ് അത് സ്വീകരിച്ചോളാമെന്നുമാണ് ബിസിസിഐ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് അനുകൂലമായ മറുപടി ഷെലാറിന് ലഭിച്ചില്ല. തുടർന്ന് ഷെലാറും (മറ്റൊരു പ്രതിനിധിയായ) ശുക്ലയും പ്രതിഷേധ സൂചകമായി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു- ഒരു ഉന്നത ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. യോഗത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ കിരീടം നേടിയതിന് നഖ്‌വി ഇന്ത്യയെ അഭിനന്ദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ടോസിനിടെ പാക് ക്യാപ്റ്റൻ സൽമാൻ ആഗയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതുൾപ്പെടെ ടൂർണമെൻ്റിൻ്റെ അവസാനത്തിൽ നടന്ന വിചിത്രമായ സംഭവങ്ങൾക്ക് പിന്നാലെയാണ് ഈ യോഗം ചേര്‍ന്നത്. ഫൈനലിന് ശേഷമുള്ള പോസ്റ്റ് മാച്ച് പ്രസന്റേഷൻ വേളയിൽ, നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. മറ്റാരിൽ നിന്നും കപ്പ് സ്വീകരിക്കാമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ നഖ്‌വിയും തയാറായില്ല.
ഫൈനലിന് പിന്നാലെ ദുബായിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സൂര്യകുമാർ പ്രതികരിച്ചിരുന്നു. ട്രോഫി വാങ്ങാനായി കളിക്കാർ ഡ്രസ്സിംഗ് റൂമിലേക്ക് പോകാതെ പുറത്ത് കാത്തുനിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം ദ ഇന്ത്യൻ എക്സ്പ്രസുമായുള്ള സംഭാഷണത്തിൽ പറഞ്ഞു. നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ കളിക്കാർ വിസമ്മതിച്ചതിനെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം കാത്തുനിന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്‌വി.
"ഞങ്ങൾ വാതിലടച്ച് ഡ്രസ്സിംഗ് റൂമിൽ ഇരുന്നില്ല. പ്രസന്റേഷൻ ചടങ്ങിനായി ഞങ്ങൾ ആരെയും കാത്തിരുത്തിയില്ല.'ട്രോഫി ലേകെ ഭാഗ് ഗയേ വോ' (അവർ ട്രോഫിയുമായി ഓടിപ്പോയി) അതാണ് ഞാൻ കണ്ടത്. എനിക്കറിയില്ല, ചിലർ ഞങ്ങളുടെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു, പക്ഷേ ഞങ്ങൾ പുറത്ത് നിൽക്കുകയായിരുന്നു. ഞങ്ങൾ അകത്തേക്ക് പോയില്ല," 34-കാരനായ സൂര്യകുമാർ പറഞ്ഞു.