ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അതിനുള്ള ഒരുങ്ങള്‍ കൃത്യമായി നടത്താന്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ ശ്രമിക്കാറുണ്ട്. അതിനായി അവര്‍ വലിയൊരു സംഘത്തെയും നിയമിക്കും. കാണികള്‍ക്കും മത്സരാര്‍ഥികള്‍ക്കും ഒരിക്കലും മറക്കാനാവാത്ത അവിസ്മരണീയമായ നിമിഷങ്ങള്‍ സമ്മാനിക്കാനാണ് ഓരോ രാജ്യങ്ങളും ശ്രമിക്കുക.
2030ലെ ഫുട്‌ബോള്‍ ലോകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് മൊറോക്കോ. ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി മൊറോക്കോ 30 ലക്ഷം തെരുവുനായകളെ കൊന്നൊടുക്കാന്‍ പോകുകയാണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നിരവധി മൃഗസംരക്ഷണ പ്രവര്‍ത്തകരും സംഘടനകളുമാണ് മൊറോക്കോയുടെ ഈ തീരുമാനത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. മൊറോക്കോയുടെ ഈ തീരുമാനത്തിനെതിരേ ലോകമെമ്പാടുനിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
advertisement
ഫുട്‌ബോള്‍ ആരാധകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. മൊറോക്കോയ്‌ക്കൊപ്പം സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളും 2030ലെ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. ഈ മൂന്ന് രാജ്യങ്ങളിലുമായാണ് മത്സരങ്ങള്‍ നടക്കുക. അതേസമയം, ഫൈനല്‍ മത്സരങ്ങളുടെ വേദികള്‍ ഇതുവരെയും നിശ്ചയിച്ചിട്ടില്ല. 2030ലെ ഫിഫ ലോകകപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകകപ്പ് മത്സരം ആംരംഭിച്ചിട്ട് 100 വര്‍ഷം പൂര്‍ത്തിയാകുകയാണ്.
ഫിഫയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്റ്റേഡിയങ്ങളും ഗതാഗത ശൃംഖലകളും വിപുലപ്പെടുത്താനും സൗകര്യങ്ങൾ ഒരുക്കാനുമുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായാണ് നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതെന്ന് നിരവധി മാധ്യമ സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.
നായകളെ കൊന്നൊടുക്കാനുള്ള തീരുമാനം മൊറോക്കോയുടെ 'വൃത്തികെട്ട രഹസ്യമാണെന്ന്' ഇന്റര്‍നാഷണള്‍ ആനിമല്‍ കോയലിഷന്‍ അഭിപ്രായപ്പെട്ടു. ''ഓരോ വര്‍ഷവും മൂന്ന് ലക്ഷം തെരുവുനായകളെയാണ് മൊറോക്കോയില്‍ കൊല്ലുന്നത്. സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ് അവയെ മൃഗീയമായി കൊലപ്പെടുത്തുന്നത്. 2030ലെ ലോകകപ്പ് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവടങ്ങളില്‍ നടത്തുമെന്ന് ഫിഫയുടെ പ്രഖ്യാപനം വന്നതിന് ശേഷം ഈ മനുഷ്യത്വരഹിതവും കിരാതവുമായ കൊലപാതകത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്,'' സംഘടന പറഞ്ഞു.
ഉഗ്രവിഷാംശമുള്ളതും നിറമില്ലാത്തതും കയ്‌പേറിയതുമായ സ്‌ട്രൈക്‌നൈന്‍ എന്ന കീടനാശിനി കുത്തിവെച്ചാണ് നായ്ക്കളെ കൊല്ലുന്നതെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. നായ്ക്കളെ തെരുവുകളില്‍ വെടിവെച്ച് കൊല്ലുകയോ അല്ലെങ്കില്‍ അവയെ കശാപ്പുശാലകളിലേക്ക് കൊണ്ടുപോകുകയോ ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, നായ്ക്കളെ കശാപ്പുചെയ്യുന്നത് 2024ല്‍ നിര്‍ത്തലാക്കിയെന്ന് മൊറോക്കന്‍ അധികൃതര്‍ അവകാശപ്പെട്ടു. മൃഗസ്‌നേഹികള്‍ ഫിഫയെ സമീപിച്ച് മൊറോക്കോയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വരികയാണ്. എന്നാല്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട് ഫിഫയുടെ പ്രസ്താവനയൊന്നും പുറത്തുവന്നിട്ടില്ല.