ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഏടുകള്‍ എഴുതിച്ചേര്‍ത്ത കാലഘട്ടമാണ് ധോണി ഇന്ത്യന്‍ നായകനായിരുന്ന കാലം. ട്വന്റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടം അങ്ങനെ ലോകത്തെ ഏത് നായകനേയും അസൂയപ്പെടുത്തുന്ന നേട്ടങ്ങള്‍ സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തിട്ടാണ് 2017 ജനുവരി അഞ്ചിന് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് ധോണി പടിയിറങ്ങിയത്. നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയിട്ടും ഇന്ത്യന്‍ ടീമിനൊപ്പം ധോണി തുടര്‍ന്നു.
ഒടുവില്‍ 2019 ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഓടിയെത്താന്‍ പറ്റാതെ പോയ നിമിഷത്തയോര്‍ത്ത് തലതാഴ്ത്തി ഇറങ്ങിപ്പോയ ധോണിയുടെ മുഖം ഇന്നും ആരാധകരുടെ മനസില്‍ മായാതെ കിടപ്പുണ്ട്. കഴിഞ്ഞ വര്‍ഷം ഏവരെയും ഞെട്ടിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനത്തിന്റെ സായാഹ്നത്തില്‍ ഇപ്പോള്‍ മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാകുക എന്ന രണ്ട് വരിയില്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചു. അതിനുശേഷം ഐപിഎല്ലില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ മാത്രമേ ധോണി കളത്തിലിറങ്ങിയിട്ടുള്ളൂ.
ടി20 ലോകകപ്പില്‍ ഉപദേശകനായി എത്തി മുഖ്യ പരിശീലക സ്ഥാനത്തേക്ക് ധോണി എത്തുമോ എന്ന ആകാംക്ഷയ്ക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ തല്‍ക്കാലം വിരാമമിട്ടിട്ടുണ്ട്. ധോണിയെ മെന്ററാക്കുന്ന കാര്യം അവതരിപ്പിച്ചപ്പോള്‍ ലോകകപ്പിന് മാത്രമായി ചുമലതലയേറ്റെടുക്കാമെന്നാണ് ധോണി സമ്മതിച്ചതെന്ന് ജയ് ഷാ പറഞ്ഞു. ധോണിയോട് ദുബായില്‍വെച്ച് ലോകകപ്പ് ടീമിന്റെ മെന്ററാകുന്ന കാര്യം സംസാരിച്ചിരുന്നു. ലോകകപ്പിലേക്ക് മാത്രമായി ചുമതലയേറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.
എന്നാല്‍ ലോകകപ്പിനുശേഷം ടീം ഇന്ത്യയുടെ പരിശീലന സ്ഥാനത്തേക്ക് ധോണിയെ നിര്‍ദേശിക്കാനുള്ള സാധ്യതകള്‍ കൂടിയാണ് പുതിയ മെന്റര്‍ സ്ഥാനം തുറന്നിടുന്നത് എന്നാണ് ക്രിക്കറ്റ് ലോകത്തെ വിലയിരുത്തല്‍. ധോണി അതിന് തയാറാവുമോ എന്നത് മാത്രമാണ് ചോദ്യം.
2021 ഐസിസി ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ (വിസി), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്രന്‍ അശ്വിന്‍ , അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മൊഹമ്മദ് ഷമി