തോല്‍വിയുടെ ആഘാതം വിട്ടു മാറും മുമ്പേ ശ്രീലങ്കന്‍ ക്രിക്കറ്റിനെതിരെ തുറന്നടിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍. എങ്ങനെ ജയിക്കണം എന്ന് ശ്രീലങ്കന്‍ ടീം മറന്നിരിക്കുന്നതായി മുരളീധരന്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് കടന്നു പോവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'വിജയിക്കാനുള്ള വഴി ശ്രീലങ്കയ്ക്ക് അറിയില്ല. കഴിഞ്ഞ കുറേ വര്‍ഷമായി എങ്ങനെയാണ് വിജയിക്കേണ്ടത് എന്ന് ശ്രീലങ്ക മറന്നു കഴിഞ്ഞു. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ശ്രീലങ്കന്‍ ടീം കടന്നു പോവുന്നത്. കാരണം എങ്ങനെയാണ് ജയിക്കേണ്ടത് എന്ന് അവര്‍ക്ക് അറിയില്ല. 10-15 ഓവറില്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ ഇന്ത്യ പ്രയാസപ്പെട്ടു. ഭുവിയുടേയും ദീപക് ചഹറിന്റേയും വലിയ പ്രയത്നമാണ് അവരെ ജയിപ്പിച്ചത്. ശ്രീലങ്കയ്ക്ക് ചില പിഴവുകളും സംഭവിച്ചു. ഹസരംഗയെ അവസാന ഓവറുകളിലേക്കാക്കി വയ്ക്കാതെ നേരത്തെ തന്നെ ഇറക്കണമായിരുന്നു. ഹസരംഗയിലൂടെ വിക്കറ്റ് വീഴ്ത്താനാണ് ശ്രമിക്കേണ്ടിയിരുന്നത്'- മുരളീധരന്‍ പറഞ്ഞു.
advertisement
രണ്ടാം ഏകദിനത്തിന് മുന്‍പ് ശ്രീലങ്കന്‍ താരങ്ങളുടെ വേതന പ്രശ്‌നവുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്കെതിരെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. വളരെ തുച്ഛമായ പണത്തിന് വേണ്ടി ശ്രീലങ്കയുടെ നാല് സീനിയര്‍ താരങ്ങള്‍ വേണ്ടി മറ്റ് 37 താരങ്ങളുടെ കരിയര്‍ അപകടത്തിലാക്കുന്നു എന്നായിരുന്നു ഒരു സ്വകാര്യ ടിവി ചാനലിലെ അഭിമുഖത്തിനടിയില്‍ മുരളി പറഞ്ഞത്. ഇതിനെതിരെ ശ്രീലങ്കന്‍ താരങ്ങളും കടുത്ത ഭാഷയില്‍ പ്രതികരിച്ചു. വിമര്‍ശനത്തിനെതിരെ പ്രതികരിച്ച് ശ്രീലങ്കയുടെ സീനിയര്‍ താരങ്ങളായ ഏയ്ഞ്ചലോ മാത്യൂസ്, ദിമുത് കരുണരത്‌നെ എന്നിവര്‍ സംയുക്ത കത്തിലൂടെയാണ് മുരളീധരനെതിരെ തുറന്നടിച്ചത്.
കാര്യങ്ങളുടെ യഥാസ്ഥിതി എന്താണെന്ന് അറിയാതെ ഒന്നും വിളിച്ചു പറയരുത് എന്നും താങ്കളെ മറ്റാരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും എന്നാണ് മാത്യൂസും കരുണരത്‌നെയും തങ്ങളുടെ കത്തിലൂടെ വിശദീകരിച്ചു. തെറ്റായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനമെന്നും അനാവശ്യമായ വിദ്വേഷമാണ് അദ്ദേഹം കാണിക്കുന്നതെന്നും പറഞ്ഞ താരങ്ങള്‍ മുരളീധരന്‍ കാര്യങ്ങള്‍ ഒന്നുമറിയാതെയാണ് വിമര്‍ശനം നടത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
സംഗക്കാര, ജയവര്‍ധന, ജയസൂര്യ, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ സാന്നിധ്യത്തില്‍ ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ശക്തരായ ടീമുകളിലൊന്നായിരുന്ന ശ്രീലങ്ക ഇന്ന് അതിന്റെ നിഴല്‍ മാത്രമായി മാറിയിരിക്കുകയാണ്. കളിക്കളത്തില്‍ നിന്ന് വിരമിച്ച തങ്ങളുടെ സൂപ്പര്‍ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ കഴിയാത്തതാണ് ശ്രീലങ്കയ്ക്ക് പ്രധാനമായും വിനയായത്. ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമുകള്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍പ്പോലും ഇപ്പോള്‍ ശ്രീലങ്കന്‍ ടീം പതറുകയാണ്. യുവ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി 2023 ലോകകപ്പ് മുന്നില്‍ക്കണ്ട് ഒരു പുതിയ ഏകദിന ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്.