യുഎസ് ഓപ്പണിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് നവോമി പ്രതിഷേധ സൂചകമായി ബെറോണ ടെയ്ലറുടെ പേര് പതിച്ച മാസ്കുമായി എത്തിയത്. കഴിഞ്ഞ മാർച്ചിലാണ് ആഫ്രിക്കൻ-അമേരിക്കൻ വംശജയായ ബെറോണയ്ക്ക് നേരെ പൊലീസ് നിറയൊഴിക്കുന്നത്.
ഇത്തരത്തിൽ ഏഴ് മാസ്കുകളുമായാണ് താൻ യുഎസ് ഓപ്പണിന് എത്തിയതെന്ന് നവോമി പറയുന്നു. ഓരോ മത്സരത്തിലും വംശീയ അക്രമത്തിന് ഇരയായവരുടെ പേര് പതിച്ച മാസ്ക് നവോമി ധരിക്കും.
ജപ്പാനീസ് താരം മിസാക്കി ദിയോയെ നവോമി പരാജയപ്പെടുത്തിയിരുന്നു. സ്കോർ:6-2.5-7,6-2.
ലോകം മുഴുവൻ കാഴ്ച്ചക്കാരുള്ള മത്സരമാണ് ടെന്നീസ്. ഇതിൽ ബെറോണ ടെയ്ലറെ കുറിച്ച് അറിയാത്തവരുണ്ടാകും. അവർ ഈ പേര് ഗൂഗിൾ ചെയ്യാം. തന്നെ സംബന്ധിച്ചിടത്തോളം ഇത് ബോധവത്കരണത്തിനുള്ള ശ്രമമാണെന്നും നവോമി പറയുന്നു.
കൂടുതൽ പേർ ഇതിനെ കുറിച്ച് അറിഞ്ഞു തുടങ്ങുമ്പോൾ വംശീയതയ്ക്കെതിരെ കൂടുതൽ ശബ്ദങ്ങൾ ഉയർന്നു വരുമെന്നും നവോമി പ്രതീക്ഷിക്കുന്നു.
വരുന്ന മത്സരങ്ങളിൽ താൻ കരുതിയ ഓരോ മാസ്കുകളും പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ ജപ്പാൻ താരം.
"ഏഴ് മാസ്കുകൾ മാത്രമേ എന്റെ കയ്യിലുള്ളൂ. വംശീയ അധിക്ഷേപത്തിന് ഇരകളായവർ അതിലും കൂടുതലാണ്"-നവോമി പറയുന്നു. ഫൈനൽ വരെ എത്തിയാൽ ഏഴ് മാസ്കും ധരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലോക നാലാം റാങ്കുകാരി.
വിസ്കോൺസിനിൽ പൊലീസ് വെടിവെപ്പിൽ ജേക്കബ് ബ്ലേക്ക് എന്ന കറുത്ത വർഗക്കാരന് വെടിയേറ്റതിൽ പ്രതിഷേധിച്ച് വെസ്റ്റേൺ ആന്റ് സതേൺ ടൂർണമെന്റിൽ നിന്ന് ഒസാക പിന്മാറിയിരുന്നു. സെമി ഫൈനൽ വരെ എത്തിയതിന് ശേഷമായിരുന്നു ഒസാകയുടെ പിന്മാറ്റം. പിന്നീട് സംഘാടകരുടെ അഭ്യർത്ഥന മാനിച്ച് താരം മടങ്ങി വരികയായിരുന്നു.