ജാവലിൻ ത്രോ ഫൈനൽ മത്സരത്തിനിടെ നീരജിന്റെ ജാവലിനുമായി പാക് താരമായ അര്‍ഷദ് നിൽക്കുന്നതും താരത്തിന്റെ കയ്യിൽ നിന്നും നീരജ് ചോപ്ര ജാവലിൻ വാങ്ങി തന്റെ ആദ്യ ശ്രമത്തിനായി പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പാക് താരത്തിന്റെ പെരുമാറ്റത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരവെയാണ് നീരജ് പ്രതികരണവുമായി എത്തുന്നത്. എല്ലാവര്ക്കും അവരുടെ ജാവലിൻ ഉണ്ടാകുമെങ്കിലും, അവർക്ക് ഏത് ജാവലിൻ വെച്ചും മത്സരിക്കാമെന്നും അത് സ്വന്തം ജാവലിൻ ആവണം എന്ന നിയമം ഇല്ലെന്നും നീരജ് കൂട്ടിച്ചേർത്തു.
advertisement
'ഒളിമ്പിക്സിൽ ഫൈനലില്‍ ആദ്യ ശ്രമത്തിനായി എത്തിയപ്പോഴാണ് എന്റെ ജാവലിന്‍ കാണാനില്ലെന്ന് മനസിലായത്. ഈ സമയം പാക് താരം അര്‍ഷാദ് എന്റെ ജാവലിനുമായി പരിശീലനത്തിന് പോകുന്നത് കണ്ടു. ഇതെന്റെ ജാവലിനാണ്, എനിക്ക് ഇപ്പോൾ ത്രോ ഉണ്ടെന്ന് പറഞ്ഞപ്പോൾ, അർഷദ് എന്റെ ജാവലിൻ തിരികെ തന്നു. അതാണ് സംഭവിച്ചത്. ഇക്കാരണം കൊണ്ടാണ് ആദ്യത്തെ ശ്രമം ധൃതിയില്‍ ചെയ്യേണ്ടി വന്നത്. എന്നാല്‍ ഇതിനെ സമൂഹമാധ്യമങ്ങളില്‍ തെറ്റായിട്ടാണ് വ്യാഖാനിക്കപെട്ടത്, ഇതിൽ നിരാശയുണ്ട്. കായിക മത്സരങ്ങൾ എന്നും എല്ലാവരെയും ഒരുപോലെ കാണാനും ഒപ്പം നിൽക്കാനുമാണ് പഠിപ്പിച്ചിട്ടുള്ളത്.' നീരജ് ചോപ്ര പറഞ്ഞു.
ടോക്യോയിൽ യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം നടത്തി ഒന്നാമനായി ഫൈനലിൽ പ്രവേശിച്ച നീരജ് ചോപ്ര ഫൈനലിലും അതേ പ്രകടനമാണ് തുടർന്നത്. ഫൈനലിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ താരം ആദ്യത്തെ ശ്രമത്തിൽ 87.02 മീറ്റർ കണ്ടെത്തി, രണ്ടാം ശ്രമത്തിൽ ഈ ദൂരം മെച്ചപ്പെടുത്തി 87.59 മീറ്റർ കണ്ടെത്തിയാണ് ഒളിമ്പിക്സ് മാമാങ്കത്തിൽ ഇന്ത്യക്കായി ചരിത്ര നേട്ടം കുറിച്ചത്.
നീരജ് ചോപ്രയുടെ സ്വർണ മെഡലിന്റെ ബലത്തിൽ ഇന്ത്യ ഒളിമ്പിക്സിൽ തങ്ങളുടെ എക്കാലത്തെയും മികച്ച മെഡൽവേട്ട കുറിക്കുകയും ചെയ്തിരുന്നു. നീരജിന്റെ സ്വർണമുൾപ്പെടെ ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്നും നേടിയത്. സ്വർണം നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ താരത്തിന് സമ്മാനപ്പെരുമഴയാണ് ലഭിച്ചത്. സമ്മാനത്തുക ഇനത്തിൽ ഏകദേശം 13 കോടിയോളം രൂപ ലഭിച്ച താരത്തിന് സർക്കാർ ജോലിയും വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ പുതിയ മോഡലായ എക്സ്‌യുവി 700ഉം സമ്മാനമായി ലഭിച്ചിരുന്നു.