ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻറ് പട്ടികയിൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയോട് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻറ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്താവുകയും ജയത്തോടെ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.
ഇനി മൂന്നു മത്സരങ്ങളാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലുള്ളത്. ഈ മൂന്നു മത്സരങ്ങളിൽ ഒന്നിൽ തോറ്റാൽ പോലും ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ ഏറെക്കുറെ അവസാനിക്കും. എന്നാൽ അവശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിച്ച് പരമ്പര 4-1ന് സ്വന്തമാക്കിയാൽ ഇന്ത്യൻ ടീമിന് മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനാകും. ഇനിയുള്ള മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച് ഒരെണ്ണം സമനിലയിലായാലും ഇന്ത്യക്ക് മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഫൈനലിൽ എത്താം.
advertisement
എന്നാൽ 3-2ന് ഇന്ത്യ ജയിച്ചാൽ കാര്യങ്ങൾ മാറിമറിയും .ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷം ശ്രീലങ്കക്കെതിരെയാണ് ഓസ്ട്രേലിയയുടെ ടെസ്റ്റ് പരമ്പര. ഇന്ത്യ 3-2നാണ് നിലവിലെ പരമ്പര സ്വന്തമാക്കുന്നതെങ്കിൽ ഓസ്ട്രേലിയ- ശ്രീലങ്ക മത്സര ഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ. ഈ പരമ്പരയിൽ ശ്രീലങ്ക ഒരു ടെസ്റ്റ് എങ്കിലും സമനില പിടിച്ചാൽ ഇന്ത്യക്ക് ഫൈനലിൽ എത്താനാകും.
എന്നാൽ നിലവിൽ നടക്കുന്ന ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര 2-2ന് സമനിലയായാൽ ഇന്ത്യക്ക് ഫൈനലിൽ എത്തണമെങ്കിൽ ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്ക 1-0നോ 2-0നോ ഓസ്ട്രേലിയ തോൽപ്പിക്കണം. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ എല്ലാ മത്സരങ്ങളും വിജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഫൈനൽ സാധ്യത നിലനിർത്തി. അടുത്തത് പാകിസ്ഥാനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് പരമ്പര. ഇതിൽ ഒരു മത്സരത്തിലെങ്കിലും ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിലെത്താം.