മത്സരം തുടങ്ങി വെറും നാല് മിനുട്ടിനുള്ളിൽ തന്നെ നെയ്മർ നേടിയ ഗോളിൽ ബ്രസീൽ ലീഡ് നേടി. പന്തുമായി മുന്നേറിയ ഗബ്രിയേൽ ജീസസ് ബോക്സിലേക്ക് നൽകിയ ക്രോസിന് കാൽ വച്ച റിച്ചർളിസണിന് പിഴച്ചെങ്കിലും ഞൊടിയിടയിൽ പന്തിലേക്ക് ഓടിയടുത്ത നെയ്മർ പന്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഗോൾ വന്നതോടെ ആവേശത്തിലായി കളിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മത്സരിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. സമനില ഗോളിനായി പരാഗ്വായ് താരങ്ങൾ ആഞ്ഞു ശ്രമിച്ചെങ്കിലും ബ്രസീൽ ഗോളി എദേഴ്‌സൺ മികച്ച രക്ഷപ്പെടുത്തലുകളുമായി അവർക്ക് മുന്നിൽ ഉണ്ടായിരുന്നു.
advertisement
ഒരു ഗോളിന്റെ മുൻതൂക്കവുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ ബ്രസീൽ വീണ്ടുമൊരു ഗോൾ നേടാനുള്ള ശ്രമത്തിൽ ആയിരുന്നു. ഗോളിനായി ശ്രമിക്കുമ്പോൾ പ്രതിരോധത്തിൽ വീഴ്ച്ച വരാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. കളത്തിലെ വിടവുകൾ കണ്ടെത്തി മുന്നേറാൻ ശ്രമിക്കുകയും കളിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും തന്റെ സഹതാരങ്ങളെ കണ്ടെത്തി അവർക്ക് പാസ് നൽകുന്നതിലും ബ്രസീൽ താരം നെയ്മർ മികച്ചു നിന്ന്. ബ്രസീലിന്റെ മുന്നേറ്റങ്ങളുടെ മുക്കാൽ പങ്കും താരത്തിന്റെ കാലുകളിൽ നിന്ന് തന്നെയായിരുന്നു. ഇത്തരത്തിൽ കളിയുടെ അധിക നിമിഷത്തിൽ താരം നടത്തിയ ഒരു മുന്നേറ്റത്തിൽ നിന്നുമാണ് ബ്രസീൽ തങ്ങളുടെ രണ്ടാം ഗോൾ കൂടി അവരുടെ ജയം ആധികാരികമാക്കിയത്. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് തുടക്കമിട്ട മുന്നേറ്റത്തിൽ, എതിർ ടീമിലെ രണ്ട താരങ്ങളെ മറികടന്ന് നെയ്മർ നൽകിയ പാസിലാണ് രണ്ടാം ഗോൾ പിറന്നത്. രണ്ട താരങ്ങളെ മറികടന്ന താരം ബോക്സിന്റെ വലത് വശത്ത് എതിർ ടീമിലെ ആരാലും മാർക് ചെയ്യാതെ നിൽക്കുകയായിരുന്ന ലൂക്കാസ് പക്ക്വേറ്റക്ക് നേരെ നീട്ടി നൽകി. പന്ത് സ്വീകരിച്ച് താരം തൊടുത്ത നിലം പറ്റെയുള്ള ഇടം കാലൻ ഷോട്ട് പാരഗ്വായ് ഗോളിക്ക് ഒരു ചാൻസ് പോലും നൽകാതെ പോസ്റ്റിൽ തട്ടി അകത്തേക്കു കയറുകയായിരുന്നു.
മൽസരത്തിലെ തോൽവി ഏറ്റുവാങ്ങിയതോടെ പാരഗ്വായുടെ ലോകകപ്പ് യോഗ്യതാ സാധ്യതകൾ പരുങ്ങലിലായി. മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ അവർക്ക് നേരിട്ട് യോഗ്യത ഏറെക്കുറെ ഉറപ്പിക്കാമായിരുന്നു. ആറ് മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി ലോകകപ്പ് യോഗ്യതാ ഗ്രൂപ്പിൽ ആറാം സ്ഥാനത്താണ് ടീമിപ്പോൾ. യോഗ്യതാ പോരാട്ടത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് നേരിട്ട് പ്രവേശനം ലഭിക്കും. അഞ്ചാം സ്ഥാനത്ത് എത്തുന്ന ടീമിന് ഇന്റർ കോൺഫെഡറേഷൻ പ്ലെ ഓഫ് മത്സരം കളിച്ചു മാത്രമേ യോഗ്യത നേടാൻ സാധിക്കൂ. നിലവിൽ ആറാം സ്ഥാനത്തുള്ള പാരഗ്വായ്ക്ക് മൂന്നാം സ്ഥാനത്തുള്ള ഇക്വഡോറുമായി വെറും രണ്ട് പോയിന്റിന്റെ വ്യതാസം മാത്രമേ ഉള്ളൂ എന്നതും അവർക്ക് സാധ്യത നൽകുന്നുണ്ട്. പക്ഷെ ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ അവർക്ക് യോഗ്യത നേടുവാൻ കഴിയുകയുള്ളൂ.
Summary
Neymar shines with a goal and an assist in the World Cup Qualifier against Paraguay; Brazil continues their winning streak