ക്രിക്കറ്റിന്റെ ആഗോള ഭരണസമിതിയായ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇന്ത്യയിലെ തങ്ങളുടെ കളിക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ബംഗ്ലാദേശ്. ബംഗ്ളാദേശ് ക്രിക്കറ്റ് കളിക്കാരുടെ സുരക്ഷയും ക്ഷേമവും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അടുത്തിടെ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.
advertisement
ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ വരാനിരിക്കുന്ന സീസണിലേക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (കെകെആർ) ബിസിസിഐ നിർദ്ദേശം നൽകിയതിനെ തുടർന്നായിരുന്നു ഇന്ത്യയിൽ കളിക്കാൻ താത്പര്യമില്ലെന്ന് ബിസിബി ഐസിസിയെ അറിയിച്ചത്.
ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് ഇന്ത്യയിൽ ഉണ്ടായിട്ടുള്ള ഗുരുതരമായ സുരക്ഷാ സാഹചര്യം ഐസിസിഐയ്ക്ക് മനസിലായിട്ടില്ലെന്നും ഇത് വെറുമൊരു സുരക്ഷാ പ്രശ്‌നമായി തോന്നുന്നില്ലെന്നും ബംഗ്ലാദേശ് ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബംഗ്ലാദേശിന്റെ യുവജന-കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞു.
"നമ്മൾ ക്രിക്കറ്റ് ഭ്രാന്തന്മാരുള്ള ഒരു രാജ്യമാണ്, തീർച്ചയായും കളിക്കാൻ ആഗ്രഹിക്കുന്നു. ദേശീയ അപമാനം, നമ്മുടെ ക്രിക്കറ്റ് കളിക്കാരുടെയും കാണികളുടെയും പത്രപ്രവർത്തകരുടെയും സുരക്ഷ, അല്ലെങ്കിൽ രാജ്യത്തിന്റെ അന്തസ്സ് എന്നിവയെ ബലികഴിച്ച് ടി20 ലോകകപ്പ് കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാമുമായും വൈസ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ബംഗ്ളാദേശിന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു. മുസ്തഫിസുറിന്റെ ഐപിഎൽ പുറത്താകൽ ഇന്ത്യയിലെ പരിതസ്ഥിതി ബംഗ്ലാദേശ് കളിക്കാർക്ക് സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
