ഇപ്പോഴിതാ താരത്തിന് എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കും 3200 പൗണ്ട് പിഴയുമാണ് ശിക്ഷയായി ലഭിച്ചിരിക്കുന്നത്. മൂന്ന് പേരടങ്ങിയ ക്രിക്കറ്റ് ഡിസിപ്ലിന്‍ കമ്മീഷന്‍ ആണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. താരത്തിന്റെ ഈ എട്ട് മത്സരങ്ങളില്‍ അഞ്ച് മത്സരങ്ങളിലെ വിലക്ക് രണ്ട് വര്‍ഷത്തില്‍ പാലിക്കണം. ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ടാം ടെസ്റ്റും ടി20 ബ്ലാസ്റ്റിലെ രണ്ട് മത്സരങ്ങളും ഇപ്പോള്‍ തന്നെ വിലക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം രണ്ട് വര്‍ഷത്തേക്ക് താരം പ്രൊഫഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസ്സിയേഷന്റെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചുള്ള എല്ലാ ആന്റി-ഡിസ്‌ക്രിമിനേഷന്‍ പ്രോഗ്രാമുകളിലും പങ്കെടുക്കണമെന്നും കമ്മീഷന്‍ വിധിച്ചിട്ടുണ്ട്.
advertisement
കഴിഞ്ഞ മാസം ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റില്‍ കളിച്ചുകൊണ്ടാണ് റോബിന്‍സണ്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ തുടങ്ങുന്നത്. എന്നാല്‍ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞതിന് ശേഷമാണ് താരത്തിന് ഇത്തരത്തിലൊരു തിരിച്ചടി നേരിടേണ്ടി വന്നത്. കൗമാര പ്രായത്തില്‍ ചെയ്ത ട്വീറ്റുകളുടെ പേരിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഈ നടപടി സ്വീകരിച്ചത്. വംശീയവും ലൈംഗികച്ചുവയുള്ളതുമായ താരത്തിന്റെ പഴയ ട്വീറ്റുകള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിവാദമായിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി ഏഴ് വിക്കറ്റുകള്‍ നേടിയ താരം ആദ്യ ഇന്നിങ്സില്‍ 42 റണ്‍സും നേടിയിരുന്നു. മധ്യനിരയിലെ താരത്തിന്റെ 42 റണ്‍സാണ് വന്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും ഇംഗ്ലണ്ടിനെ കര കയറ്റിയത്. സസ്പെന്‍ഷന്‍ വന്നതിന്റെ ഫലമായി ഉടന്‍ തന്നെ താരത്തിന് ഇംഗ്ലീഷ് ടീമില്‍ നിന്ന് മടങ്ങേണ്ടി വന്നു. ഇതേ തുടര്‍ന്ന് രണ്ടാം ടെസ്റ്റിലും താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ആദ്യ ദിവസത്തെ മത്സരത്തിനുശേഷം മാധ്യമങ്ങളെ കണ്ട റോബിന്‍സണ്‍ കരിയറിലെ ഏറ്റവും സുപ്രധാന ദിനത്തില്‍ നാണക്കേട് കാരണം തനിക്ക് തല ഉയര്‍ത്താനാവുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ട്വിറ്ററില്‍ നടത്തിയ ലൈംഗികചുവയുള്ളതും വംശീയമായി അധിക്ഷേപിക്കുന്നതുമായ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു ചോദിക്കുന്നുവെന്നും റോബിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ആ ട്വീറ്റുകള്‍ ഇപ്പോഴും അവിടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താനൊരിക്കലും വംശവെറിയനോ ലൈംഗികച്ചുവയോടെ സംസാരിക്കുന്ന വ്യക്തിയോ അല്ലെന്നും റോബിന്‍സണ്‍ വ്യക്തമാക്കി. എന്നാല്‍ വംശീയ വര്‍ഗീയത പോലുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നിലപാടെടുക്കുകയായിരുന്നു.
ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം കുറച്ചു കടന്ന കയാണെന്ന് ഇംഗ്ലണ്ടിന്റെ കള്‍ച്ചറല്‍ സെക്രട്ടറി ഒലിവര്‍ ഡൗഡന്‍ പ്രതികരിച്ചിരുന്നു. സെക്രട്ടറിയുടെ പരാമര്‍ശത്തെ പിന്തുണക്കുന്നുവെന്ന നിലപാടുമായി യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പിന്നാലെ രംഗത്തെത്തി.