ഇന്ത്യക്ക് 41 വർഷത്തിന് ശേഷം ഹോക്കിയിൽ മെഡൽ സ്വന്തമായപ്പോൾ അതിൽ രാജ്യത്തിന്റെ ജയത്തോടൊപ്പം ആഹ്ളാദിക്കാൻ മലയാളികൾക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഇന്ത്യൻ ടീമിലെ ഗോളിയായി നിന്നത് എറണാകുളം കിഴക്കമ്പലം സ്വദേശിയായ പിആർ ശ്രീജേഷ് ആയിരുന്നു എന്നതാണ്. ഇന്ത്യൻ സംഘം മെഡൽ നേടിയപ്പോൾ ശ്രീജേഷിലൂടെ കേരളത്തിലെത്തിയത് 49 വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ ഒളിമ്പിക് മെഡൽ. 1972 ഒളിമ്പിക്സിൽ ഹോക്കിയിൽ നിന്ന് തന്നെ അന്നത്തെ ഇന്ത്യൻ ഗോളിയായിരുന്ന മാനുവൽ ഫ്രഡറിക് ആണ് കേരളത്തിലേക്ക് ആദ്യ ഒളിമ്പിക് മെഡൽ കൊണ്ടുവന്നത്.
advertisement
ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ സംഘത്തെയും ശ്രീജേഷിനെയും അഭിനന്ദനം കൊണ്ട് മൂടുകയാണ് ഇന്ത്യൻ ആരാധകർ. ഇന്ത്യൻ ടീമിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ച ശ്രീജേഷിനെ സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള പ്രമുഖ താരങ്ങൾ പ്രത്യേകം അഭിനന്ദിക്കുക കൂടിയുണ്ടായി. അഭിനന്ദനങ്ങൾ എല്ലാം തന്നെ സഹർഷം സ്വീകരിക്കുകയാണ് താരം. മുൻപ് തോൽവി ഏറ്റുവാങ്ങി തിരിച്ചുവന്നപ്പോഴുള്ള അനുഭവങ്ങൾ താരത്തിന്റെ മനസ്സിലൂടെ ഈ നേരത്ത് കടന്ന് പോകുന്നുണ്ടായിരുന്നു.
ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രതാപ ഇനമായിരുന്ന ഹോക്കിയിൽ 1980ന് ശേഷം ഇന്ത്യക്ക് ഒരു മെഡൽ പോലും നേടാൻ കഴിഞ്ഞിരുന്നില്ല. എപ്പോഴും പ്രതീക്ഷകളുടെ വലിയ ഭാരം ചുമന്ന് ഒളിമ്പിക്സിലേക്ക് പോകുന്ന ഇന്ത്യൻ സംഘം നിരാശരായാണ് തിരിച്ചുവരാറുള്ളത്. അതിൽ അവരെ വിമർശിക്കാൻ ഒരുപാട് പേർ ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇതിൽ ശ്രീജേഷ് ഇന്ത്യൻ ടീമിന്റെ ഭാഗമായ കാലം മുതലുള്ള കഥയാണ് അദ്ദേഹം വിവരിക്കുന്നത്. 2008 ബീജിംഗ് ഒളിമ്പിക്സിലേക്ക് യോഗ്യത പോലും നേടാതെ പോയതിന് ശേഷം 2012ൽ ലണ്ടൻ ഒളിമ്പിക്സിലേക്ക് ഇന്ത്യൻ സംഘം യോഗ്യത നേടി. പക്ഷെ പ്രതീക്ഷിച്ചതു പോലെ മികച്ച പ്രകടനം ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ടൂർണമെന്റിൽ പങ്കെടുത്ത 12 ടീമുകളിൽ അവസാന സ്ഥാനക്കാരായാണ് ഇന്ത്യ ലണ്ടനിൽ നിന്നും തിരിച്ചെത്തിയത്.
ഒളിമ്പിക്സിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ സംഘം അന്ന് ഡൽഹിയിൽ കേന്ദ്രമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങിൽ ഇന്ത്യൻ ടീം പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ ലണ്ടനിൽ മോശം പ്രകടനം നടത്തിയ ഇന്ത്യൻ ഹോക്കി താരങ്ങളെ അദ്ദേഹം പരസ്യമായി വിമർശിക്കുകയുണ്ടായി. 12 ടീമുകൾ പങ്കെടുത്തപ്പോൾ പന്ത്രണ്ടാമതായ ഇന്ത്യൻ സംഘം 20 ടീമുകൾ പങ്കെടുത്തിരുന്നെങ്കിൽ ഇരുപതാം സ്ഥാനത്തായേനെ എന്ന് പറഞ്ഞാണ് മന്ത്രി വിമാരിശിച്ചത്.
ഇത് ഇന്ത്യൻ ടീമംഗങ്ങൾക്ക് വലിയ അപമാനമായി, അന്ന് തലയുയർത്താൻ പോലും കഴിയാതെ അപമാനിതനായി ഇരുന്നപ്പോൾ, ഒളിമ്പിക് മെഡൽ എന്ന ആഗ്രഹം വാശിയായി മാറുകയായിരുന്നു എന്ന് ശ്രീജേഷ് പറഞ്ഞു.
ഒളിമ്പിക് മെഡൽ നേടണമെന്ന വാശിയിൽ തുടങ്ങിയ പ്രയത്നം ശ്രീജേഷിന്റെയും ഇന്ത്യൻ ടീമിന്റെയും മികവ് മേലേക്ക് ഉയർത്തി. 2016ൽ നടന്ന ഒളിമ്പിക്സിൽ ക്വാർട്ടറിൽ പുറത്തായെങ്കിലും പ്രയത്‌നം തുടർന്ന് കൊണ്ടിരുന്നു, നേട്ടങ്ങൾ ശീലമാക്കി കൊണ്ട് മുന്നേറിയ ഇന്ത്യൻ ടീം അഞ്ച് വർഷങ്ങൾക്കിപ്പുറം ടോക്യോയിൽ പോഡിയത്തിൽ കയറി നിന്ന് 2012ലെ തോൽവിയെ തുടർന്നേറ്റ ആഴത്തിലുള്ള മുറിവുകൾക്ക് മുകളിൽ ആശ്വാസത്തിന്റെ മരുന്ന് പുരട്ടിയിരിക്കുകയാണ്.
വിജയലഹരിയിൽ നിൽക്കുമ്പോഴും ശ്രീജേഷിനും സഹതാരങ്ങൾക്കും വ്യക്തമായ ധാരണയുണ്ട്, ഇത് അവസാനമല്ല, മറിച്ച് ഇന്ത്യൻ ഹോക്കിക്ക് മുന്നിൽ ഇനിയും നേടിയെടുക്കാനുള്ള വലിയ നേട്ടങ്ങളിലേക്കുള്ള ഒരു തുടക്കമാണ്. ടോക്യോയിലെ ജയത്തിൽ ഇനി കുറച്ചു ദിവസം ആഘോഷത്തിന്റെ നാളുകൾ, അതിന് ശേഷം ഇന്ത്യയുടെ കാവൽഭടനായ ശ്രീജേഷും സംഘവും വീണ്ടും ഇറങ്ങുകയാണ് ഇനിയും നേട്ടങ്ങൾ കൊയ്യാനായി, ഉത്തരവാദിത്തം ഇപ്പോൾ അവർക്ക് കൂടുതലാണ് അതുകൊണ്ട് തന്നെ പ്രതീക്ഷകളും, മികച്ച പ്രകടനത്തിലൂടെ മികച്ച നേട്ടങ്ങൾ ശ്രീജേഷിനും ഇന്ത്യൻ ടീമിനും നേടാൻ കഴിയട്ടെ.