പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടന്നിട്ടുള്ള സംഘർഷങ്ങളെ തുടർന്ന് ഇന്ത്യക്കെതിരെ നിരന്തരം ആക്രമണ മുറവിളി ഉയര്‍ത്തിയ വിവാദ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിക്ക് ദുബായില്‍ മലയാളി സംഘടന നടത്തിയ പരിപാടിയില്‍ സ്വീകരണം നല്‍കിയത് വലിയ വിവാദമായിരുന്നു. വിഷയത്തില്‍ ആദ്യമായാണ് അഫ്രീദി പ്രതികരിക്കുന്നത്.
ഈ പ്രതിഷേധം തന്നെ അദ്ഭുതപ്പെടുത്തുവെന്ന് അഫ്രീദി പറഞ്ഞു. കായികരംഗം രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. 'ബൂം ബൂം' എന്ന് വിളിപ്പേരുള്ള അഫ്രീദി പരിപാടി സംഘാടകര്‍ക്ക് നേരെ ഇന്ത്യയില്‍ ഉയരുന്ന വിമര്‍ശനങ്ങളെ 'അനാവശ്യം' എന്ന് പറഞ്ഞ് തള്ളുകയായിരുന്നു. കാര്യങ്ങള്‍ രാഷ്ട്രീയവല്‍കരിക്കരുതെന്നും ആസൂത്രിതമായി പരിപാടിയില്‍ പങ്കെടുത്തതല്ലെന്നും അഫ്രീദി വ്യക്തമാക്കി.
advertisement
മേയ് 25-നാണ് വിവാദത്തിനിടയാക്കിയ പരിപാടി നടക്കുന്നത്. പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് (പിഎഡി) കെട്ടിടത്തില്‍ നടന്ന കുസാറ്റ് അലൂംനി അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്റര്‍ കൊളീജിയറ്റ് നൃത്ത പരിപാടിയില്‍ അഫ്രീദിക്കും മുന്‍ സഹതാരം ഉമര്‍ ഗുലിനും ഊഷ്മളമായ സ്വീകരണം നല്‍കിയതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
എന്നാല്‍, അഫ്രീദി ക്ഷണിക്കപ്പെടാതെ പ്രതീക്ഷിതമായാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഹാളില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അഫ്രീദി. ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ച കൈപ്പടയിലുള്ള ഒരു പെയിന്റിങ്ങിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചതിന്റെ ആഘോഷത്തിനായാണ് അഫ്രീദി അവിടെയെത്തിയത്. പിഎഡിയിൽ അഫ്രീദി ഒരു ഫിറ്റ്‌നസ് സെന്റര്‍ നടത്തുന്നുണ്ട്.
അപ്രതീക്ഷിതമായി തന്നെയും ഉമര്‍ ഗുലിനെയും അവിടെ കണ്ട ചില ഇന്ത്യക്കാര്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു. തങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു അവരെന്നും അവരെ കാണാനും കുറച്ച് സമയം അവര്‍ക്കൊപ്പം ചെലവഴിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അഫ്രീദി പറഞ്ഞു.
ഇന്ത്യക്കാരുടെ ഒരു ജനക്കൂട്ടം അഫ്രീദിക്ക് ഊഷ്മളമായ വരവേല്‍പ്പ് നല്‍കുന്നതിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളാണ് വിവാദത്തിനിടയാക്കിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഇത് വലിയ വിവാദത്തിന് തിരികൊളുത്തിയത്.
എന്നാല്‍, ഇത്തരം വിവാദങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞ അഫ്രീദി താന്‍ എപ്പോഴും കായിക നയതന്ത്രത്തെ പിന്തുണച്ചിട്ടുണ്ടെന്നും പറഞ്ഞു. ജനങ്ങളെയും രാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ ക്രിക്കറ്റിന് ശക്തിയുണ്ടെന്നും തന്റെ കരിയറില്‍ ഉടനീളം വിശ്വസിച്ചിരുന്ന കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ നടത്തിയിട്ടുള്ള ക്രിക്കറ്റ് പര്യടനങ്ങളെ കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങളില്‍ ചിലതാണ് ഇതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു ക്രിക്കറ്റ് താരം എന്ന നിലയിലും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ഇന്ത്യയില്‍ തനിക്ക് ലഭിച്ചിട്ടുള്ള ബഹുമാനം അതിരുകടന്നതായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ലഭിച്ച സ്‌നേഹം പാക്കിസ്ഥാനില്‍ നിന്ന് പോലും ലഭിച്ചിട്ടില്ലെന്നും ഷാഹിദ് അഫ്രീദി വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയും ആശയവിനിമയത്തിന്റെയും പ്രാധാന്യം അഫ്രീദി ചൂണ്ടിക്കാട്ടി.
പോകുന്നിടത്തെല്ലാം നിരവധി ഇന്ത്യക്കാരെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അവരുമായി തമാശകള്‍ പറയുകയും ക്രിക്കറ്റ് ഓര്‍മ്മകള്‍ പരസ്പരം പങ്കിടുകയും ചെയ്യുന്നു. പരസ്പര ബഹുമാനമുണ്ട്. അത് എപ്പോഴും സന്തോഷകരമാണെന്നും അഫ്രീദി പറഞ്ഞു.