തീവ്രവാദ പ്രശ്നവും മറ്റ് പ്രശ്നങ്ങളും കാരണം വർഷങ്ങളൊളം പാകിസ്ഥാനിൽ രാജ്യാന്തര മത്സരങ്ങൾ നടന്നിരുന്നില്ല. രാജ്യാന്തര മത്സരങ്ങൾ നടത്താൻ പാക് ക്രിക്കറ്റ് ബോർഡ് വർഷങ്ങളായി നടത്തിയതിന്റെ ശ്രമഫലമായാണ് വിദേശ ടീമുകൾ പാക് മണ്ണിൽ പരമ്പര കളിക്കാൻ തയാറായത്. എന്നാൽ പാകിസ്ഥാനിലേക്ക് മത്സരങ്ങൾ തിരികെയെത്തിയപ്പോൾ സ്റ്റേഡിയത്തിൽ ആളുകയറാത്ത സാഹചര്യത്തിലാണ് മുൻ താരങ്ങളുടെ ഇടപെടൽ.
കോവിഡ് വ്യാപന൦ മൂലം കാണികളെ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ലെങ്കിലും പിന്നീട് ഈ നിയന്ത്രണങ്ങൾ നീക്കി സ്റ്റേഡിയങ്ങളിൽ പരമാവധി കാണികളെ കയറ്റാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അനുമതി നൽകിയെങ്കിലും മത്സരം കാണാൻ ആരാധകർ സ്റ്റേഡിയങ്ങളിലേക്കു വരുന്നില്ല.
advertisement
'കഴിഞ്ഞ കുറച്ചു മാസങ്ങളായി പാകിസ്ഥാൻ ടീം മികച്ച പ്രകടനം പുറത്തെടുത്തിട്ടും കറാച്ചിയിലെ സ്‌റ്റേഡിയം കാലിയായി കാണുന്നതില്‍ ഒരുപാട് സങ്കടമുണ്ട്. ഇതിന്റെ കാരണം എനിക്ക് നിങ്ങളില്‍ നിന്നു തന്നെ അറിയണം. ആരാധകരെല്ലാം എവിടെപ്പോയി? നിങ്ങള്‍ പറയൂ..' വസീം അക്രം ട്വീറ്റ് ചെയ്തു.
'രാജ്യാന്തര മത്സരങ്ങൾ പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയിട്ടും മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിൽ ആളെത്താത്ത സാഹചര്യം തീർച്ചയായും നിരാശപ്പെടുത്തുന്നു. പക്ഷെ ആളുകൾ സ്റ്റേഡിയങ്ങളിലേക്ക് എന്തുകൊണ്ടാണ് എത്താത്തത് എന്നും ഈ അവസ്ഥ എങ്ങനെയാണ് മറികടക്കുക എന്നും അറിയേണ്ടതുണ്ട്. മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയങ്ങൾ നിറഞ്ഞിരിക്കണം. കാണികൾ ടിക്കറ്റ് എടുത്ത് കയറുമ്പോൾ അതുവഴി ലഭിക്കേണ്ട വരുമാനം കൂടിയാണ് നഷ്ടമാകുന്നത്.' - അഫ്രീദി ട്വീറ്റ് ചെയ്തു.
‘ദേശീയ ടീമിന്റെ മത്സരം കാണാൻ ഇത്രയും കുറച്ച് ആളുകൾ വരുന്നത് നിരാശാജനകമാണ്. സാധാരണ ടിക്കറ്റ് നിരക്ക് പകുതിയാക്കി കുറച്ചിട്ടെങ്കിലും ആളു കയറുമെന്നാണ് പ്രതീക്ഷ’ – പിസിബി പ്രതിനിധി പറഞ്ഞു.
അതേസമയം, സ്റ്റേഡിയത്തിലെത്തുന്നവർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയുടെ പ്രഖ്യാപനം പ്രവർത്തികമായില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. മത്സരം കാണാനെത്തുന്നവർ സ്റ്റേഡിയത്തിൽ നിന്നും വളരെ ദൂരെ വാഹനം പാർക്ക് ചെയ്തശേഷം നടന്ന് വരേണ്ട സ്ഥിതിയാണ്. മാത്രമല്ല, കനത്ത സുരക്ഷാ ക്രമീകരണങ്ങളും സ്റ്റേഡിയത്തിലേക്കു വരുന്നതിൽ നിന്ന് കാണികളെ അകറ്റുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു.
സ്റ്റേഡിയങ്ങളിലേക്ക് കാണികൾ എത്തണമെങ്കിൽ ബോർഡിന്റെ ഭാഗത്ത് നിന്നും കൂടുതൽ ഉത്തരവാദിത്തപരമായ നടപടികൾ പ്രതീക്ഷിക്കുന്നതായും ആരാധകർ അഭിപ്രായപ്പെട്ടു. മത്സരം കാണാനായി വരുന്ന ആരാധകരിൽ വലിയൊരു വിഭാഗം സ്റ്റേഡിയത്തിന് പുറത്ത് കാത്തുനിൽക്കേണ്ട അവസ്ഥയാണെന്നും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ആരാധകരുടെ പരിശോധന നടത്താനായി നിർത്തിയവരുടെ എണ്ണം കുറവാണെന്നും ഇത്തരം വിഷയങ്ങളിൽ ബോർഡ് ശ്രദ്ധ ചെലുത്തി വേണ്ട നടപടി സ്വീകരിക്കണെമെന്നും ആരാധകർ ആവശ്യപ്പെട്ടു.