കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടന്ന പുരുഷ ടി20 ലോകകപ്പിൽ പാകിസ്ഥാൻ ടീമിന്റെ മെന്ററായി പ്രവർത്തിച്ചപ്പോൾ ബാബർ അസമുമായി വളരെ അടുത്ത ഇടപഴകാൻ ഹെയ്ഡന് കഴിഞ്ഞിട്ടുണ്ട്. “ഇസ്ലാം മതവിശ്വാസം പാകിസ്ഥാൻ ടീമിലെ ജീവിതരീതി വലിയ അച്ചടക്കത്തിലേക്ക് നയിക്കുന്നു, അതുകൊണ്ടുതന്നെ പാക് ടീമിനോട് എനിക്ക് ആദരവും ആരാധനയുമുണ്ട്, ”സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ റമീസ് രാജയ്‌ക്കൊപ്പം കമന്ററി ചെയ്യുന്നതിനിടെ ഹെയ്‌ഡൻ പറഞ്ഞു.
ഹെയ്ഡനും രാജയും ചേർന്നുള്ള വീഡിയോ ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാകിസ്ഥാൻ മാധ്യമങ്ങളും പൗരന്മാരും മുൻ ഓസീസ് ക്രിക്കറ്റ് താരത്തിന്റെ പരാമർശം ആഘോഷിക്കുമ്പോൾ, രൂക്ഷ വിമർശനവുമായി ഇന്ത്യയിൽനിന്നുള്ള ആരാധകർ ഉൾപ്പടെ രംഗത്തെത്തിയിട്ടുണ്ട്.
advertisement
ക്രിക്കറ്റിനെ സംബന്ധിച്ച് അനാവശ്യമോ അപ്രസക്തമോ ആയ പരാമർശമാണിതെന്ന് ആരാധകർ പറയുന്നു. ക്രിക്കറ്റ് കമന്‍ററി പറയുന്നതിനിടെ മുൻതാരങ്ങൾ വിവാദത്തിലാകുന്നത് ഇതാദ്യമല്ല. 2006-ൽ, ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിൽ കൊളംബോയിൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിനിടെ, ഹാഷിം അംലയെ ‘ഭീകരൻ’ എന്ന് വിളിച്ചതിന്, മുൻ ഓസ്‌ട്രേലിയൻ ബാറ്റർ ഡീൻ ജോൺസിനെ ടെൻ സ്‌പോർട്‌സ് പുറത്താക്കിയിരുന്നു. കുമാർ സംഗക്കാരയെ പുറത്താക്കാൻ അംല ക്യാച്ച് എടുത്തതിന് പിന്നാലെയാണ് ജോൺസ് ഇങ്ങനെ വിശേഷിപ്പിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഒരിക്കലും ബഹുരാഷ്ട്ര പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വാണിജ്യപരമോ മതപരമോ ആയ പ്രമോഷനുകൾ അനുവദിക്കില്ല. 2019 ൽ, എംഎസ് ധോണി തന്റെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിൽ കഠാര ചിഹ്നം ധരിച്ചത് ഐസിസി എതിർപ്പ് പ്രകടിപ്പിച്ചതിനാൽ വിവാദത്തിന് ഇടയായിരുന്നു. 2019 ൽ സതാംപ്ടണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ, ധോണിയുടെ കീപ്പിംഗ് ഗ്ലൗസുകളിൽ ഒരു കുള്ളൻ ലോഗോ ഉണ്ടായിരുന്നു, അത് സൈനിക ചിഹ്നത്തോട് സാമ്യമുള്ളതായിരുന്നു.