സിംബാബ്വെ ഇന്നിങ്‌സിലെ ഏഴാം ഓവറിലാണ് അര്‍ഷാദ് ഇഖ്ബാലിന്റെ പന്ത് സിംബാബ്വെ താരത്തിന്റെ ഹെല്‍മറ്റ് തകര്‍ത്തത്. അര്‍ഷാദ് ഏഴാം ഓവര്‍ ബോള്‍ ചെയ്യാനെത്തുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് എന്ന നിലയിലായിരുന്നു സിംബാബ്വെ. ക്രീസില്‍ ടിനാഷെ കമുന്‍കാംവെയും (24 പന്തില്‍ 19), തഡീവനാഷെ മരുമണിയും (0).
ഓവറിലെ ആദ്യ രണ്ടു പന്തും പ്രതിരോധിച്ച കമുന്‍കാംവെയ്ക്ക് മൂന്നാം പന്തില്‍ പിഴച്ചു. അര്‍ഷാദിന്റെ ഉയര്‍ന്നുവന്ന പന്ത് പുള്‍ ചെയ്യാനുള്ള താരത്തിന്റെ ശ്രമം പിഴച്ചതോടെ പന്ത് നേരെവന്ന് ഹെല്‍മറ്റിലിടിച്ചു. പന്തിടിച്ചതിന്റെ ആഘാതത്തില്‍ ഹെല്‍മറ്റിന്റെ മുകള്‍പാളി അടര്‍ന്നു തെറിച്ചു പോയി.
advertisement
ഭയന്നു പോയ കമുന്‍കാംവെയുടെ അടുത്തേക്ക് ഫീല്‍ഡില്‍നിന്ന പാക് താരങ്ങള്‍ ഓടിയെത്തി. താരത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയിലായിരുന്നു പലരും. പാക്കിസ്ഥാന്‍ താരങ്ങളില്‍ ചിലര്‍ താരത്തിന്റെ പുറത്തുതട്ടി ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.
മത്സരത്തിലാകെ 40 പന്തുകള്‍ നേരിട്ട് നാലു ഫോറുകള്‍ സഹിതം 34 റണ്‍സെടുത്ത കമുന്‍കാംവേയാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍. അരങ്ങേറ്റം കൊഴുപ്പിച്ച അര്‍ഷാദ് ഇഖ്ബാലാകട്ടെ, നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി.
