ഈ സീസണിൽ റെക്കോർഡ് തുക നൽകി ആസ്റ്റൺ വില്ലയിൽ നിന്നും സിറ്റി സ്വന്തമാക്കിയ ജാക്ക് ഗ്രീലീഷ് സിറ്റിക്കായി ആദ്യ ഗോൾ നേടിയ മത്സരത്തിൽ സീസണിലെ ആദ്യത്തെ ജയവുമായി ലീഗ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് കൂടി അവർ തുടക്കമിട്ടു. ആദ്യ മത്സരത്തിൽ ടോട്ടനത്തിനെതിരെ തോറ്റതിന്റെ ക്ഷീണം ഇന്നലെ നോർവിച്ചിനെതിരെ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലൂടെ അവർ തീർത്തു.
മത്സരത്തിൽ നോർവിച്ച് താരം ക്രൂല്‍ ഏഴാം മിനിറ്റില്‍ നേടിയ സെൽഫ് ഗോളിലൂടെ ലീഡ് സ്വന്തമാക്കി മത്സരത്തിൽ മുന്നിലെത്തിയ സിറ്റി പിന്നീട് ഒരു ഘട്ടത്തിൽ പോലും പിന്നോട്ട് പോയില്ല. പോസ്റ്റിലേക്കു വന്ന പന്ത് രക്ഷപ്പെടുത്താനായി ക്രൂൽ നടത്തിയ ശ്രമമാണ് സെൽഫ് ഗോളിൽ കലാശിച്ചത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഗോള്‍ വീണുകൊണ്ടിരുന്നു. സിറ്റിയുടെ രണ്ടാം ഗ്രീലീഷിന്റെ വകയായിരുന്നു. ഭാഗ്യത്തിന്റെ അകമ്പടിയിലൂടെയാണ് ഗ്രീലീഷിന്റെ ഗോൾ വന്നത്. ബ്രസീൽ താരം ഗബ്രിയേൽ ജീസസ് ബോക്സിലേക്ക് നൽകിയ ക്രോസ് സ്വീകരിക്കുമ്പോൾ അല്പം സ്ഥാനം തെറ്റി നിൽക്കുകയായിരുന്ന ഗ്രീലിഷിന്റെ കാൽമുട്ടിൽ തട്ടിയാണ് ഗോളായത്. രണ്ടാം പകുതിയില്‍ ലീഡ് ഉയർത്തി മുന്നേറിയ സിറ്റിക്കായി അയമെറിക് ലപോര്‍ട്ട് (64), റഹീം സ്റ്റെര്‍ലിങ് (71), റിയാദ് മെഹ്റസ് (84) എന്നിവർ ഗോൾ പട്ടിക പൂർത്തിയാക്കി.
advertisement
ലീഗിലെ മറ്റൊരു മത്സരത്തിൽ നിറഞ്ഞുകവിഞ്ഞ ആന്‍ഫീല്‍ഡിലെ കാണികൾക്ക് മുന്നിലായിരുന്നു ലിവര്‍പൂളിന്റെ വിജയം. ഡിയോഗോ ജോട്ട, സാദിയോ മാനെ എന്നിവരാണ് ചെമ്പടയ്ക്കായി ഗോളുകൾ നേടിയത്. ലീഗിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച അവർ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ലിവർപൂൾ ക്യാപ്റ്റന്‍ ഹെന്ഡേഴ്സണ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയും കൗമാര താരം ഹാര്‍വി എലിയട്ട് പ്രിമിയര്‍ ലീഗിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്ത മത്സരത്തിലാണ് ക്ലോപ്പിന്റെ സംഘം ബേൺലിയെ പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയില്‍ ജോട്ടയിലൂടെ ലീഡ് നേടിയ ലിവർപൂൾ പിന്നാലെ തന്നെ മുഹമ്മദ് സലായിലൂടെ വീണ്ടും മുന്നിൽ എത്തിയെങ്കിലും, വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു. പിന്നീട് 69ാ൦ മിനിറ്റിൽ മാനെ നേടിയ ഗോളിൽ ലിവർപൂൾ വിജയം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ആൻഫീൽഡിൽ ബേൺലിയോട് ലിവർപൂൾ തോറ്റിരുന്നു. എന്നാൽ ഇത്തവണ നിറഞ്ഞ ഗാലറിക്ക് മുന്നിൽ ആധികാരിക ജയമാണ് ലിവർപൂൾ നേടിയെടുത്തത്.