ബാറ്റിങ് കരുത്തിലാണ് ഇത്തവണ ഡൽഹി മിന്നുന്ന വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത് സി.എസ്.കെ. 189 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം മുന്നില്‍ വച്ചപ്പോള്‍ ഡി.സി. മറികടക്കുമോയെന്ന് എല്ലാവരും സംശയിച്ചിരുന്നു. എന്നാൽ ഡൽഹിയുടെ ഓപ്പണർമാരായ ധവാനും പൃഥ്വി ഷായും ചെന്നൈ ബൗളർമാരെ ശരിക്കും തല്ലിച്ചതച്ചു.
പൃഥ്വി ഷാ വെറും 38 ബോളില്‍ ഒമ്പത് ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം വാരിക്കൂട്ടിയത് 72 റണ്‍സായിരുന്നു. വിസ്മയിപ്പിക്കുന്ന ടൈമിംഗോടെയായിരുന്നു പൃഥ്വി ബാറ്റ് ചെയ്തത്. മികച്ച ഫുട്ട് മൂവ്‌മെന്റും അദ്ദേഹത്തിന്റെ ബാറ്റിങ്ങിൽ പ്രകടമായിരുന്നു.
advertisement
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റു വാങ്ങികൊണ്ടാണ് പൃഥ്വി ഷാ ടീമിൽ നിന്നും പുറത്തായത്. ഫൂട്ട് മൂവ്മെന്റ് ഇല്ലാത്തതിന്റെ പേരിലായിരുന്നു കൂടുതലും വിമർശനങ്ങൾ. എന്നാൽ ഗംഭീര മറുപടിയാണ് ഇന്നലത്തെ മത്സരത്തിലൂടെ പൃഥ്വി നൽകിയിരിക്കുന്നത്. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും അസാധാരണ ടൈമിംഗോടെ അദ്ദേഹം ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും ഷോട്ടുകള്‍ പായിക്കുന്നത് ഇന്നിങ്സിലുടനീളം കാണാമായിരുന്നു. തന്റെ ഫോമിന് പിന്നിലെ രഹസ്യവും മത്സരശേഷം താരം വെളിപ്പെടുത്തി.
"ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതു മുതല്‍ ബാറ്റിങ് മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നും നേരത്തേ തിരിച്ചെത്തിയ ശേഷം വിജയ് ഹസാരെ ട്രോഫിക്കു മുൻപ് പ്രവീണ്‍ ആംറെയ്ക്കു കീഴില്‍ ബാറ്റിങ് പരിശീലനം നടത്തി വരികയായിരുന്നു. വ്യക്തമായ പ്ലാനോടു കൂടിയായിരുന്നു വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചത്. അതു ലക്ഷ്യം കാണുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ആലോചിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം എന്നെ സംബന്ധിച്ച് ഏറെ നിരാശനാക്കിയ നിമിഷമായിരുന്നു അത്. ഞാന്‍ അതില്‍ നിന്നും മുന്നോട്ടു പോയി. ബാറ്റിങ് ടെക്‌നിക്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ ഞാന്‍ അതു മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനു വേണ്ടി കഠിനമായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്," പൃഥ്വി പറഞ്ഞു.
വിജയ് ഹസാരെയിൽ മുംബൈ നായകന്‍ പൃഥ്വി ഷാ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റിന്റെ ഒരു സീസണില്‍ 800ലധികം റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് പൃഥ്വി സ്വന്തം പേരിലാക്കിയത്. ഇതിഹാസങ്ങളില്‍ പലര്‍ക്കും സാധിക്കാതെ പോയ അപൂര്‍വ നേട്ടമാണ് പൃഥ്വി നേടിയത്. എട്ട് മത്സരത്തില്‍ നിന്ന് 827 റണ്‍സാണ് അദ്ദേഹം ഇത്തവണ വിജയ് ഹസാരെ ട്രോഫിയില്‍ അടിച്ചുകൂട്ടിയത്.
English summary: Prithvi Shaw opens up on the 'disappointment' of getting dropped during Australia tour.
