തന്റെ അഞ്ചാം ലോകകപ്പിനായി ക്രിസ്റ്റ്യാനോ ഖത്തറിലേയ്ക്ക് എത്തുന്നതും കാത്തിരുന്ന ആരാധകരെ ആവേശത്തിലാക്കിയാണ് പറങ്കിപ്പട മുന്നേറിയത്. ഇറ്റലിയെ അട്ടിമറിച്ച മാസിഡോണിയയുടെ ഒരു മികവും പോര്‍ച്ചുഗലിന് മേല്‍ കണ്ടില്ല.
ഇറ്റലിയെ വീഴ്ത്തി പ്ലേ ഓഫ് ഫൈനലിന് എത്തിയ നോര്‍ത്ത് മാസിഡോണിയക്കെതിരെ മത്സരത്തിന്റെ 32ആം മിനുറ്റിലാണ് പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ നേടിയത്. നോര്‍ത്ത് മാസിഡോണിയ നായകന്‍ സ്റ്റെഫാന്‍ റിസ്റ്റോവ്‌സ്‌കിയുടെ പിഴവാണ് ബ്രൂണോയുടെ ഗോളിന് വഴിവെച്ചത്.
advertisement
റിസ്റ്റോവ്‌സ്‌കിയുടെ പിന്നിലോട്ടുള്ള പാസ് പിടിച്ചെടുത്ത ബ്രൂണോ പന്ത് റൊണാള്‍ഡോക്ക് നല്‍കുകയും, പോര്‍ച്ചുഗീസ് നായകന്റെ റിട്ടേണ്‍ പാസില്‍ നിന്ന് വലകുലുക്കുകയുമായിരുന്നു.
65ആം മിനുറ്റില്‍ ബ്രൂണോയിലൂടെ പോര്‍ച്ചുഗല്‍ തങ്ങളുടെ രണ്ടാം ഗോളും നേടി. പെപെയുടെ ഒരു മികച്ച ടാക്കിളില്‍ നിന്ന് തുടങ്ങിയ പ്രത്യാക്രമണത്തില്‍ നിന്നാണ് ബ്രൂണോ വീണ്ടും നോര്‍ത്ത് മാസിഡോണിയന്‍ വലകുലുക്കിയത്. ഡിയഗോ ജോട്ടയായിരുന്നു ഗോളിന് അസിസ്റ്റ് നല്‍കിയത്.
ലോകറാങ്കിംഗില്‍ 67-ാം സ്ഥാനം മാത്രമുള്ള നോര്‍ത്ത് മാസിഡോണിയ ഇത്തവണ ഗ്രൂപ്പ് ജെയില്‍ രണ്ട് മുന്‍ ലോകചാമ്പ്യന്മാരെ അട്ടിമറിച്ചാണ് പ്ലേ ഓഫ് ഫൈനലിലേയ്ക്ക് എത്തിയത്. ഗ്രൂപ്പില്‍ ആദ്യം ജര്‍മ്മനിയേയും പിന്നീട് ഇറ്റലിയേയും തോല്‍പ്പിച്ചതിനാല്‍ പോര്‍ച്ചുഗലിനെതിരേയും അട്ടിമറി ആവര്‍ത്തിക്കുമോ എന്നതാണ് ഫുട്ബോള്‍ ലോകം കാത്തിരുന്നത്.