ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റിനക്കും മെസിക്കുമായി ജയ് വിളിച്ച് ആഘോഷിച്ച ഫുട്ബോള്‍ ആരാധകന്‍ റമില്‍ സേവ്യറിന്‍റെ മരണം മലപ്പുറം തുവ്വൂരിലെ മുഴുവന്‍ ഫുട്ഫോള്‍ പ്രേമികള്‍ക്കും തീരാനോവായി.
തുവ്വൂർ ചെമ്മന്തിട്ടയിലെ പയ്യപ്പിള്ളിൽ സേവ്യറിന്റെയും റിട്ട. അധ്യാപിക സാറാമ്മയുടെയും മകൻ റമിലിന് (42) മെസ്സിയും അർജന്റീനയുമെന്നാല്‍ ജീവനായിരുന്നു. വാഹനത്തിലും മെസ്സിയുടെ ചിത്രം. കൊച്ചു വീടിന്റെ ചുമരിലും മെസ്സിയുടെ ചിത്രം. ഖത്തര്‍ ലോകകപ്പ് കഴിയും വരെ അണിഞ്ഞത് അർജന്റീന ജഴ്സി. ഇഷ്ട ടീമിനോടുള്ള ആരാധന കാരണം റമിൽ വീട്ടിൽ വളർത്തിയിരുന്നത് വെള്ളയും നീലയും നിറമുള്ള പക്ഷികളെയായിരുന്നു.
advertisement
ഒടുവില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസി ലോകകിരീടം ഉയര്‍ത്തുന്നത് കണ്‍കുളിരെ കണ്ട ശേഷം റമില്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.‘മെസ്സിയുടെ മാത്രമല്ല, എന്റെ ജീവിതവും പൂർണമായി. ഇനി ഞാൻ മരിച്ചാലും സങ്കടമില്ല’. ഒടുക്കം തുവ്വൂരിലെ ഫുട്ബാൾ ആരാധകരെ മുഴുവൻ കരയിപ്പിച്ച് കൊണ്ട് വെള്ളിയാഴ്ച പുലർച്ചെ റമിൽ സേവ്യർ ലോകത്തോട് വിടപറഞ്ഞു.
മെസ്സിയും ഫുട്ബാളും പിന്നെ അർജന്റീനയുമില്ലാത്ത ലോകത്തേക്ക് യാത്രയാകും മുന്‍പ് രോഗശയ്യയില്‍ കിടക്കുമ്പോള്‍ അന്ത്യാഭിലാഷമായി റമില്‍ കൂട്ടുകാരെ പറഞ്ഞേല്‍പ്പിച്ചിരുന്നു. മരിച്ചാല്‍ എന്‍റെ മൃതശരീരത്തില്‍ അര്‍ജന്‍റീനയുടെ പതാക പുതപ്പിക്കണം. പ്രിയപ്പെട്ടവന്‍റെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ നിറകണ്ണുകളോടെ കൂട്ടൂകാര്‍ അര്‍ജന്‍റീനയുടെ ദേശീയ പതാക റമിലിന്‍റെ ശരീരത്തില്‍ പുതപ്പിച്ചു.
അവിവാഹിതനായ റമില്‍ സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു. അയര്‍ലാഡില്‍ ജോലി ചെയ്തിരുന്ന സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് റമിലും കുടുംബത്തോട് വിടപറഞ്ഞത്.