ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ 300 മുതൽ 350 വരെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (RCB). ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർസിബി കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (KSCA) കത്തെഴുതിയെന്ന് വെള്ളിയാഴ്ച ഫ്രാഞ്ചൈസി വ്യക്തമാക്കി. പദ്ധതിക്കായി ഏകദേശം 4.5 കോടി രൂപ വരും എന്നാണ് കണക്കാക്കുന്നത്. ഈ തുക മുഴുവൻ തങ്ങൾ തന്നെ വഹിക്കുമെന്നും ആർസിബി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഗുരുഗ്രാം ആസ്ഥാനമായുള്ള 'സ്റ്റാക്യു' എന്ന കമ്പനിയെ ആർസിബി ചുമതലപ്പെടുത്തിയെന്നാണ് വിവരം.
advertisement
അത്യാധുനികമായ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയാണ് ക്യാമറകളിൽ ഉപയോഗിക്കുന്നത്. ഇതിലൂടെ ജനക്കൂട്ടത്തിന്റെ നീക്കം കാര്യക്ഷമമായി നിയന്ത്രിക്കാനും ക്യൂ സംവിധാനം കൃത്യമായി നിരീക്ഷിക്കാനും അനധികൃത പ്രവേശനങ്ങൾ തടയാനും സാധിക്കും. വീഡിയോ, ഓഡിയോ, ടെക്സ്റ്റ് ഡാറ്റകൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിലൂടെ അക്രമങ്ങൾ, സുരക്ഷാ വീഴ്ചകൾ തുടങ്ങിയവ പെട്ടെന്ന് തിരിച്ചറിയാനും വേഗത്തിൽ നടപടികൾ സ്വീകരിക്കാനും സാധിക്കുമെന്ന് ഫ്രാഞ്ചൈസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ വർഷം ആർസിബിയുടെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിന് ശേഷമാണ് സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാൻ തീരുമാനിച്ചത്. അതിനു ശേഷം ചിന്നസ്വാമി സ്റ്റേഡിയം വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ അനുയോജ്യമല്ലെന്ന് സംസ്ഥാന സർക്കാർ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഫലമായി 2025-ലെ വനിതാ ലോകകപ്പ് മത്സരങ്ങൾ സ്റ്റേഡിയത്തിന് നഷ്ടമായി. ഐപിഎൽ 2026-ൽ ആർസിബിയുടെ ഹോം മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാൻ സാധ്യതയില്ലെന്നും പകരം റായ്പൂരിലും പൂനെയിലുമായി മത്സരങ്ങൾ നടക്കാൻ സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
