2019ലെ മികച്ച പ്രകടനമാണ് രോഹിത് ശർമയെ പുരസ്കാരത്തിന് ശുപാർശ ചെയ്യാൻ കാരണം. മൂന്ന് ഫോർമാറ്റിലും തിളങ്ങാൻ കഴിഞ്ഞ വർഷം സാധിച്ച രോഹിത്തിന് ലോകകപ്പ് വേദിയിലും മിന്നും പ്രകടനം പുറത്തെടുക്കാൻ പറ്റിയിരുന്നു. ഏകദിന ഫോർമാറ്റിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രോഹിത്തായിരുന്നു. ഏഴ് സെഞ്ചുറി ഉൾപ്പടെ 1490 റൺസാണ് കഴിഞ്ഞ വർഷം ഏകദിനത്തിൽ മാത്രം സ്വന്തമാക്കിയത്. ഒരു കാലണ്ടർ വർഷം ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ റൺസും രോഹിത്തായിരുന്നു.
advertisement
ഇത് രണ്ടാമത്തെ തവണയാണ് രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് നാലു പേരെ ഒരുമിച്ചു ശുപാർശ ചെയ്യുന്നത്. 2016ൽ ബാഡ്മിന്റൻ താരം പി.വി. സിന്ധു, ജിംനാസ്റ്റ് ദീപ കർമാകർ, ഷൂട്ടിങ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവരെ ശുപാര്‍ശ ചെയ്യുകയും നാലുപേര്‍ക്കും ഒരുമിച്ച് പുരസ്കാരം നൽകുകയും ചെയ്തിരുന്നു.
പുരസ്കാരം ലഭിച്ചാല്‍ സച്ചിൻ തെൻഡുൽക്കർ (1998), മഹേന്ദ്ര സിംഗ് ധോണി (2007), വിരാട് കോലി (2018) എന്നിവർക്കു ശേഷം ഖേൽരത്‍ന പുരസ്കാരം നേടുന്ന നാലാമത്തെ മാത്രം ക്രിക്കറ്റ് താരമാകും രോഹിത്.