ഐസിസി എകദിന ബാറ്റിംഗ് റാങ്കിങിൽ ആദ്യമായി ഒന്നാമതെത്തി രോഹിത് ശർമ. എകദിന ബാറ്റിംഗ് റാങ്കിങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനുമായി രോഹിത്. 38 വയസ്സും 182 ദിവസവും പ്രായമുള്ള മുംബൈയിൽ നിന്നുള്ള ക്രിക്കറ്റ് താരം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് തന്റെ കരിയറിൽ ആദ്യമായി ഐസിസി ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയത്.
advertisement
ഒക്ടോബർ 23 ന് അഡലെയ്ഡ് ഓവലിൽ നടന്ന രണ്ടാം ഇന്ത്യ-ഓസ്ട്രേലിയ ഏകദിനത്തിലെ 97 പന്തിൽ നിന്ന് 73 റൺസ് നേടിയ പ്രകടനവും ഒക്ടോബർ 25 ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മൂന്നാം എകദിനത്തിൽ 125 പന്തിൽ നിന്ന് 121 റൺസ് നേടിയ പ്രകടനവുമാണ് രോഹിത്തിന് തുണയായത്. നിലവിൽ 781 പോയിന്റുകളാണ് രോഹിത്തിനുള്ളത്.
2023 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച രോഹിത്, സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, ഗിൽ എന്നിവർക്ക് ശേഷം ലോകത്തിലെ ഒന്നാം നമ്പർ ഏകദിന ബാറ്റ്സ്മാനായി മാറുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങളിൽ നിന്ന് 10, 9, 24 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് സൂപ്പർസ്റ്റാർ വിരാട് കോഹ്ലി 74 റൺസ് നേടിയെങ്കിലും, ഒരു സ്ഥാനം താഴേക്ക് പോയി. 725 റേറ്റിംഗ് പോയിന്റുമായി കോഹ്ലി ഇപ്പോൾ ആറാം സ്ഥാനത്താണ്.ഓവലിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കായി അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യർ ഒരു സ്ഥാനം മുന്നോട്ട് കയറി 9-ാം സ്ഥാനത്തായി.
