'താങ്കള അടുത്തറിയാനും താങ്കള്‍ക്കൊപ്പം കളിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. പന്തെറിയാന്‍ തുടങ്ങുന്നതിന് മുമ്പുള്ള താങ്കളുടെ സ്‌നേഹാലിംഗനം എക്കാലത്തും സന്തോഷം നല്‍കുന്നതും ഭാഗ്യവുമാണ്. നിറയെ ആദരവും സ്‌നേഹവും'- ഹര്‍ഭജനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് ശ്രീശാന്ത് കുറിച്ചു.
ഐപിഎല്ലിന്റെ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായിരുന്ന ഹര്‍ഭജന്‍ സിംഗും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തും തമ്മിലുള്ള വാക് പോരും തുടര്‍ന്ന് മത്സരശേഷം ഹസ്തദാനം ചെയ്യുമ്പോള്‍ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ കരണത്തടിച്ചതും വലിയ വിവാദമായിരുന്നു. മത്സരത്തിനിടെ ശ്രീശാന്ത് പറഞ്ഞ വാക്കുകളാണ് ഹര്‍ഭജനെ പ്രകോപിപ്പിച്ചത്. കരഞ്ഞുകൊണ്ട് കവിളില്‍ തടവി നില്‍ക്കുന്ന ശ്രീശാന്തിന്റെ ദൃശ്യവും സഹതാരങ്ങള്‍ ശ്രീശാന്തിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും ആരാധകര്‍ ഇപ്പോഴും മറന്നിട്ടില്ല.
ശ്രീശാന്തിന്റെ കവിളത്തടിച്ചുവെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഹര്‍ഭജനെ ആ സീസണിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. ഷോണ്‍ പൊള്ളോക്കാണ് ആ സീസണില്‍ പിന്നീട് മുംബൈയെ നയിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ടീമിലും ഇരുവരും ഒരുമിച്ച് കളിച്ചു.
കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് (Harbhajan Singh) പ്രഖ്യാപിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ ട്വിറ്ററിലൂടെയായിരുന്നു തന്റെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശീലയിടുന്നതായി പ്രഖ്യാപിച്ചത്.
1998 ല്‍ ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് ഹര്‍ഭജന്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്ക് അരങ്ങേറ്റം കുറിച്ചത്. ലോകോത്തര സ്പിന്നര്‍മാര്‍ പിറന്നിട്ടുള്ള ടീമില്‍ തന്റേതായ സ്ഥാനം പടുത്തുയര്‍ത്താന്‍ ഹര്‍ഭജന് പെട്ടെന്ന് തന്നെ സാധിച്ചു. വളരെ പെട്ടെന്ന് തന്നെ ഇന്ത്യന്‍ ടീമിന്റെ മാച്ച് വിന്നര്‍മാരില്‍ ഒരാളായി മാറാനും ഈ വലം കൈയന്‍ ഓഫ് സ്പിന്നര്‍ക്ക് കഴിഞ്ഞു.
ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ച താരം ടെസ്റ്റില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 711 വിക്കറ്റുകള്‍ നേടിയ താരത്തിന്റെ പേരില്‍ രണ്ട് സെഞ്ചുറികളും ഒമ്പത് അര്‍ധസെഞ്ചുറികളുമുണ്ട്.