ടെസ്റ്റിലെ വളരെ നിര്‍ണ്ണായകമായ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലാണ് അദ്ദേഹം കളിക്കുന്നത്. ഒരുവശത്ത് നിലയുറപ്പിച്ച് ടീമിനെ ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ സഹായിക്കേണ്ട പൂജാര കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. 30ന് താഴെ ശരാശരിയുള്ള പുജാര നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്. നിലവിലെ പ്രകടനം വെച്ച് വിലയിരുത്തുമ്പോള്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താവാനാണ് സാധ്യത.
പൂജാരയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുമ്പോള്‍ താരത്തിന് പകരം സൂര്യകുമാര്‍ യാദവിനെ മൂന്നാം നമ്പറില്‍ വേണമെങ്കില്‍ പരിഗണിക്കാമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്. 'പൂജാര പ്രയാസപ്പെടുകയാണ്. പിച്ചിന്റെ സാഹചര്യവും വളരെ ബുദ്ധിമുട്ടുള്ളതാണ്. ഇന്ത്യ ഒരു മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കാം. വിരാട് കോഹ്ലിയുടെയും പരിശീലകന്റെയും തീരുമാനത്തെ ആശ്രയിച്ചാണത്. ഒരു യുവതാരത്തെ ഈ പിച്ചിലേക്ക് പരിഗണിക്കുന്നത് വെല്ലുവിളിയാണ്. പൂജാരയാണെങ്കില്‍ ഇവിടെ കളിച്ച് അനുഭവസമ്പത്തുള്ള താരവുമാണ്. തുടര്‍ച്ചയായി പരാജയപ്പെടുന്നുണ്ടെങ്കിലും വേണമെങ്കില്‍ ഒരു ടെസ്റ്റില്‍ കൂടി പുജാരക്ക് അവസരം നല്‍കാവുന്നതാണ്'- സല്‍മാന്‍ ബട്ട് പറഞ്ഞു.
advertisement
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും പൂജാരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിയിരുന്നു. 23 പന്തുകളില്‍ നിന്ന് ഒമ്പത് റണ്‍സ് മാത്രമാണ് പൂജാര നേടിയത്. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സ് മാത്രം എടുത്താണ് പൂജാര പുറത്തായത്. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നത് മാത്രമാണ് നേരിയ ആശ്വാസം. ടീമിന്റെ ഉപനായകന്‍ കൂടിയായ രഹാനെയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഒരു ദിവസം രാത്രി നോട്ട്ഔട്ട് ആകാതിരിക്കുക മാത്രമാണോ ഇന്ത്യന്‍ ടീമില്‍ അജിങ്ക്യ രഹാനെയുടെ പണിയെന്നാണ് ആരാധകരുടെ ചോദ്യം. നൈറ്റ് വാച്ച്മാന്‍ ആയി നിന്ന ശേഷം തൊട്ടടുത്ത ദിവസം അതിവേഗം ഔട്ട് ആകുകയാണ് രഹാനെ ചെയ്യുന്നതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. 23 പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്താണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ രഹാനെ പുറത്തായത്.
പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ലണ്ടനില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി, ശനിയാഴ്ച ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തിന്റെ മൂന്നാം ദിവസം ലോര്‍ഡ്‌സില്‍ ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആവേഷ് ഖാന്‍ എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇരുവരെയും ഇംഗ്ലണ്ടിലേക്ക് വരുത്തിച്ചത്.