സിനിമയിൽ ലാലേട്ടനെ പോലെ രാജ്യത്തിന് വേണ്ടി ഏതു വേഷവും ചെയ്യാൻ തയ്യാറാണെന്നാണ് സഞ്ജു സാംസൺ പറഞ്ഞത്. ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു സഞ്ജു.
തുടർച്ചയായി മൂന്നു സെഞ്ചുറികൾ നേടി ടൂർണമെൻ്റിന് മുന്നോടിയായി ഇന്ത്യൻ ടീമിൻ്റെ ഓപ്പണറായി തിളങ്ങിയ താരമാണ് സഞ്ജു. എന്നാൽ, ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി ഓപ്പണിങ്ങിലേക്ക് മാറ്റിയതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയിരുന്നു.
ഏത് പൊസിഷനിലാണ് കളിക്കാൻ ഇഷ്ടമെന്ന ചോദ്യത്തിന് മറുപടിയായാണ് സഞ്ജു മോഹൻലാലിനെ ഉദാഹരണമാക്കി മറുപടി നൽകിയത്. "മലയാളത്തിൽ ഒരു നടനുണ്ട്. പേര് മോഹൻലാൽ. ഞങ്ങൾ ലാലേട്ടൻ എന്ന് വിളിക്കും. 40 വർഷത്തിന് മേലെ അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നുണ്ട് അദ്ദേഹത്തിന് ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അവാർഡ് കിട്ടി .അദ്ദേഹം എല്ലാ റോളും ചെയ്യും. ചില റോളുകൾ മാത്രമേ ചെയൂ എന്നൊന്നും ഇല്ല. ഇപ്പോഴും ചെയ്യുന്നു അതുപോലെ ആണ് ഞാനും. ഇന്ത്യയിൽ ക്രിക്കറ്റിൽ പത്ത് വർഷമായി ഞാനും കളിക്കുന്നു.അതുപോലെ ആണ് ഏത് പൊസിഷൻ എന്നൊന്നും ഇല്ല .," സഞ്ജു സോണി സ്പോർട്സ് നെറ്റ്‌വർക്കിനോട് പറഞ്ഞു.
advertisement
മോഹൻലാലിന് അടുത്തിടെ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടാണ് ഏത് റോളും ചെയ്യാൻ താൻ തയ്യാറാണെന്ന് സഞ്ജു പറഞ്ഞത്.
ഓൺഫീൽഡിൽ സഞ്ജുവിൻ്റെ പ്രകടനം വ്യത്യസ്തമാണ്. ഓമാനെതിരെ മൂന്നാം നമ്പറിൽ ഇറങ്ങിയ സഞ്ജു 56 റൺസ് നേടിയപ്പോൾ, പാകിസ്താനെതിരായ മത്സരത്തിൽ 13 റൺസ് മാത്രമാണ് നേടാനായത്. നിലവിൽ സഞ്ജുവിനെ ഇന്ന് ഇറക്കാത്തതിൽ ആരാധകർ അതൃപ്തിയറിച്ച് തുടങ്ങിയിരിക്കുകയാണ്. സഞ്ജുവിനെ ഒഴിവാക്കുന്നതിനായാണോ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
സഞ്ജുവിൻ്റെ പരാമർശത്തിന് പിന്നാലെ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ 'സഞ്ജു മോഹൻലാൽ സാംസൺ' എന്ന് ട്വീറ്റ് ചെയ്തിരുന്നു.