സന്തോഷ് ട്രോഫിയുടെ ഫൈനൽ മത്സരത്തിന് വേദിയാകുന്നതിന് പുറമെ ലോക വനിതാ ഫുട്ബോളിലെ നാല് പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്ബോള്‍ ചാമ്പ്യൻഷിപ്പ് ഡിസംബറില്‍ കൊച്ചിയില്‍ നടത്തും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദേശീയ ജൂനിയര്‍, സബ്ജൂനിയര്‍ ചാമ്പ്യൻഷിപ്പുകളും കേരളത്തില്‍ നടത്തുമെന്നും കായികമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഓൾ ഇന്ത്യ ഫുടബോൾ ഫെഡറേഷനുമായി സഹകരിച്ച് കായിക താരങ്ങളെ വളര്‍ത്തിയെടുക്കും. അണ്ടര്‍ 16 ഫുട്‌ബോള്‍ ക്യാമ്പ് കേരളത്തില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാ ഫുട്‌ബോള്‍, ബീച്ച് ഫുട്‌ബോള്‍ എന്നിവ പ്രോത്സാഹിപ്പിക്കും.
advertisement
സന്തോഷ് ട്രോഫിയുടെ 75ാ൦ പതിപ്പിലെ ഫൈനൽ റൗണ്ട് അടുത്ത വർഷമാദ്യം ആയിരിക്കും നടക്കുക ഫൈനല്‍ ഉള്‍പ്പെടെ 23 മത്സരങ്ങളാണ് ഈ റൗണ്ടിൽ ഉണ്ടാവുക. ഇതിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വെച്ച് ഫൈനൽ മത്സരം നടത്താനാണ് നിലവിൽ ധാരണയായിട്ടുള്ളത്.
വനിതാ അന്താരാഷ്ട്ര സീനിയര്‍ ടൂർണമെന്റ് സംഘടിപ്പിക്കുമ്പോൾ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമിനും പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. ഇതിൽ ഏഴ് മത്സരങ്ങളായിരിക്കും ഉണ്ടാവുക. ഇതിനു പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റുകളും സംഘടിപ്പിക്കാൻ ധാരണയായിട്ടുണ്ട്. ഈ ടൂർണമെന്റുകളിൽ മൊത്തമായി 40 മത്സരങ്ങളോളം ഉണ്ടാകും.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന്റെ ക്യാമ്പ് കേരളത്തില്‍ നടത്താന്‍ എഐഎഫ്എഫ് ഒരുക്കമാണ്. ഇവരുടെ ക്യാമ്പിനിടയിൽ ആഴ്ചയില്‍ ഒരു ദിവസം, പ്രാദേശിക ടീമുകള്‍ക്ക് ദേശീയ ടീമുമായി മത്സരിക്കാനും അവസരം നല്‍കും. ദേശീയ വനിതാ സീനിയര്‍ ടീം ക്യാമ്പും കേരളത്തില്‍ നടത്താൻ ധാരണയായിട്ടുണ്ട്.
ഫുട്ബോൾ രംഗത്ത് ഒരുപിടി പദ്ധതികളാണ് കേരളത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സഹകരണത്തോടെ നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിൽ പ്രാദേശിക തലം മുതല്‍ സംസ്ഥാനതലം വരെ ബേബി ലീഗും ജൂനിയര്‍, സീനിയര്‍ ലീഗുകളും സംഘടിപ്പിക്കാന്‍ എഐഎഫ്എഫ് പിന്തുണ നല്‍കും. നിലവിൽ ബംഗാളില്‍ ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ജേതാക്കളാകുന്ന ടീമുകള്‍ ജില്ലാ തലത്തില്‍ മത്സരിക്കും. അവിടെ ജേതാക്കളാകുന്ന 14 ടീമുകള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. എഐഎഫ്എഫ് നേരിട്ടായിരിക്കും ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക.
ഫുട്ബോള്‍ പരിശീലകർക്ക് മികച്ച പരിശീലനം നല്‍കാനുള്ള ക്ലാസുകള്‍ക്ക് എഐഎഫ്എഫ് മുന്‍കൈയെടുക്കും. കോച്ചിങ്ങ് ലൈസന്‍സുകള്‍ ലഭിക്കാന്‍ പരിശീലകരെ പ്രാപ്തരാക്കുന്നതാകും ഈ ക്ലാസുകള്‍. ദേശീയ പരിശീലകരുടെ സേവനം ഉള്‍പ്പെടെ ഈ ക്ലാസുകളില്‍ എഐഎഫ്എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. റഫറിമാര്‍ക്കുള്ള പരിശീലനത്തിനും സഹകരണം ലഭ്യമാക്കും. കായിക യുവജന കാര്യ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്,എഐഎഫ്എഫ് സ്‌കൗട്ടിങ്ങ് വിഭാഗം ഡയറക്ടര്‍ വിക്രം, കെഎഫ്എ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം റെജിനോള്‍ഡ് വര്‍ഗീസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.