32കാരനായ ഫാസ്റ്റ് ബോളർ സൗരഭ് കഴിഞ്ഞ എട്ട് വർഷത്തോളമായി ഒറാക്കിളിലാണ് ജോലി ചെയ്യുന്നത്. ഇപ്പോഴിതാ അമേരിക്കയ്ക്ക് തകർപ്പൻ വിജയം നേടുന്നതിൽ നിർണായക പങ്ക് വഹിച്ച താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് കമ്പനി. “ചരിത്രവിജയം നേടിയ അമേരിക്കൻ ടീമിന് അഭിനന്ദനങ്ങൾ. ഞങ്ങളുടെ സ്വന്തം എഞ്ചിനീയറും ക്രിക്കറ്റ് സൂപ്പർതാരവുമായ സൗരഭും ടീമും അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്,” ഒറാക്കിൾ ഒഫീഷ്യൽ എക്സിൽ കുറിച്ചു.
സാങ്കേതിക വിഭാഗത്തിലെ പ്രിൻസിപ്പൽ മെമ്പർ എന്ന പോസ്റ്റിലാണ് നിലവിൽ അദ്ദേഹം ജോലി ചെയ്യുന്നത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നാണ് താരം കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയത്. കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടുന്നതിന് വേണ്ടിയാണ് അമേരിക്കയിലെത്തിയത്. കോഴ്സ് കഴിഞ്ഞയുടനെ ഒറാക്കിളിൽ ജോലി ലഭിച്ചതോടെ പിന്നീട് അമേരിക്കയിൽ സ്ഥിര താമസമാക്കുകയായിരുന്നു.
advertisement
അമേരിക്കൻ ടീമിന് തകർപ്പൻ വിജയം സമ്മാനിച്ച താരത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. ഒറാക്കിളിൻെറ കമൻറ് ബോക്സും ആരാധരുടെ അഭിനന്ദനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. “ഈ പ്രകടനത്തിന് നിങ്ങൾ അദ്ദേഹം 40 ശതമാനം അപ്രൈസൽ നൽകണം,” ഒരാൾ കമൻറ് ചെയ്തു. “നിങ്ങളുടെ ഏറ്റവും മികച്ച ജീവനക്കാരനുള്ള പുരസ്കാരം അദ്ദേഹം ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു,” മറ്റൊരാളുടെ കമൻറ് ഇങ്ങനെയാണ്.
ഇതിനിടയിൽ നേത്രവൽക്കറുടെ ലിങ്ക്ഡിൻ പ്രൊഫൈലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. താരത്തിൻെറ അക്കാദമിക മേഖലയിലെ നേട്ടങ്ങളും ക്രിക്കറ്റ് ലോകത്തെ കഴിവുകളും കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. “ലോകത്തിലെ ക്രിക്കറ്റർമാർക്കിടയിൽ ഏറ്റവും മനോഹരമായ ലിങ്ക്ഡിൻ പ്രൊഫൈലുള്ളത് നേത്രവൽക്കറിനാണ്,” താരത്തിൻെറ പ്രൊഫൈലിൻെറ സ്ക്രീൻഷോട്ട് പങ്കുവെച്ച് കൊണ്ട് ഒരു എക്സ് ഉപയോക്താവ് മുഫദ്ദൽ വോറ അഭിപ്രായപ്പെട്ടു.
1991ൽ മുംബൈയിൽ ജനിച്ച നേത്രവൽക്കറിന് ക്രിക്കറ്റിൽ ഗംഭീര റെക്കോഡും പരിചയ സമ്പത്തുമുണ്ട്. 2013ൽ രഞ്ജി ട്രോഫിയിൽ അദ്ദേഹം മുംബൈ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. അമേരിക്കയിൽ പോവുന്നതിന് മുമ്പ് ഇന്ത്യയുടെ അണ്ടർ 19 ക്രിക്കറ്റ് ടീമിന് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.
നേത്രവൽക്കറിന് പുറമെ നിരവധി ഇന്ത്യൻ വംശജരാണ് ടി20 ലോകകപ്പിൽ കളിക്കുന്നത്. അമേരിക്കൻ ടീമിലും കാനഡ ടീമിലും ഇന്ത്യൻ വംശജർ ഏറെയുണ്ട്. മോനക് പട്ടേൽ (യുഎസ്എ), ഹർമീത് സിങ് (യുഎസ്എ), ദിൽപ്രീത് ബജ്വ (കാനഡ), രവീന്ദർ പാൽ സിങ് (കാനഡ) എന്നിവർ തങ്ങളുടെ കളിമികവ് പുറത്തെടുക്കാൻ കാത്തിരിക്കുകയാണ്. അടുത്ത മത്സരങ്ങളിൽ ഇന്ത്യക്കെതിരെയും ഇവർ കളിക്കും. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയം നേടിയിരുന്നു.