കളിക്കളത്തിലേക്ക് തിരിച്ചെത്തുക പ്രയാസമാണെന്ന് അഗ്യുറോ ബാഴ്‌സലോണ മാനേജ്‌മെന്റിനെ അറിയിച്ചുവെന്നും താരം അടുത്തയാഴ്ച മാധ്യമങ്ങളെ കാണുമെന്നും ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.
ലയണല്‍ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ അഗ്യുറോ അദേഹത്തിന്റെ കൂടെ നിര്‍ബന്ധത്തിലാണ് ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്സയിലെത്തിയത്. എന്നാല്‍ കരാര്‍ പുതുക്കാനാവാതെ മെസിക്ക് ബാഴ്സ വിടേണ്ടിവന്നതിന് പിന്നാലെ സീസണിന്റെ തുടക്കത്തില്‍ രണ്ട് മാസം പരിക്കുമൂലം അഗ്യൂറോക്ക് പുറത്തിരിക്കേണ്ടിവന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ സമയത്താണ് അലാവസിനെതിരായ മത്സരത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് താരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്ന കാര്‍ഡിയാക് അരിത്മിയയെന്ന രോഗം അഗ്യുറോക്ക് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് താരം വിരമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു അഗ്യുറോ അതിനോട് പ്രതികരിച്ചത്. എന്നാലിപ്പോള്‍ കരിയര്‍ നേരത്തെ അവസാനിപ്പിക്കാനുള്ള തീരുമാനം താരം എടുത്തുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും അനുമാനിക്കേണ്ടത്.
നിലവില്‍ ബാഴ്സലോണ താരാമാണെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടിയുള്ള താരത്തിന്റെ പ്രകടനമാണ് എക്കാലവും കൂടുതല്‍ ഓര്‍മിക്കപ്പെടുക. സിറ്റിക്ക് ആദ്യ പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത നിര്‍ണായകമായ ഗോള്‍ നേടിയ അഗ്യൂറോ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി അഞ്ചു പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടിയാണ് അവിടം വിട്ടത്.
ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ബാഴ്സലോണയിലേക്ക് ചേക്കേറിയ അഗ്യൂറോ ഏതാനും മത്സരങ്ങള്‍ മാത്രമാണ് ബാഴ്സക്കു വേണ്ടി കളിച്ചിട്ടുള്ളതെങ്കിലും തന്റെ ആദ്യ ബാഴ്സ ഗോള്‍ എല്‍ ക്ലാസിക്കോയില്‍ തന്നെ നേടാന്‍ താരത്തിനു കഴിഞ്ഞിരുന്നു. അര്‍ജന്റീനക്കു വേണ്ടി 41 ഗോളുകള്‍ നേടിയിട്ടുള്ള താരം ഇക്കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയിരുന്നു.
