കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ടീമിൽ ഓപ്പണിംഗ് സ്ഥാനത്തേക്ക് ഒരു തരത്തിലുള്ള മത്സരവുമില്ല എന്നാണ് ടീമിന്റെ ക്യാപ്റ്റനായ ശിഖർ ധവാൻ പറയുന്നത്. ധവാൻ ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്യുമെന്ന് ഉറപ്പാണെങ്കിലും കൂടെ ആരാകും ഇറങ്ങുക എന്ന കാര്യത്തിൽ ടീം മാനേജ്‌മെന്റ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. പരമ്പരയ്ക്കുള്ള ടീമിൽ ഇന്ത്യക്ക് ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ബാറ്റ്‌സ്മാൻമാരുടെ എണ്ണവും കൂടുതലാണ്. പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിങ്ങനെ ഓപ്പണർമാരുടെ ഒരു നീണ്ട നിര തന്നെ ഈ ടീമിലുണ്ട്. ഇതിൽ ധവാനൊപ്പം ആരാകും കളിക്കുക എന്നതാണ് ആരാധകരും ഉറ്റു നോക്കുന്നത്. ഇതിൽ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്നത് പൃഥ്വി ഷായ്ക്കാണ്. വലം കയ്യൻ ബാറ്റ്സ്മാൻ എന്നതിന് പുറമെ ഐപിഎല്ലിൽ ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്തുള്ള പരിചയവും പൃഥ്വി ഷായ്ക്ക് തുണയാകും എന്നാണ് ആരാധകർ കരുതുന്നത്.
advertisement
ഓപ്പണിംഗ് സ്ലോട്ടിലേക്ക് മത്സരമില്ല എന്ന് പറഞ്ഞ ധവാൻ തന്റെ സഹതാരങ്ങൾ കൂടിയായ ഈ യുവതാരങ്ങളുടെ പ്രകടനങ്ങൾ നെറ്റ്സിൽ കണ്ടിരുന്നുവെന്നും വളരെയധികം പ്രതിഭയും കഴിവും പുലർത്തുന്ന താരങ്ങളാണ് അവരെന്നും അവരുമായി താൻ സംസാരിച്ചിരുന്നുവെന്നും വ്യക്തമാക്കി.
ശ്രീലങ്കൻ പരമ്പരയെ വളരെയധികം പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും, ടീമിന്റെ വിജയത്തിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഓരോ താരവും ശ്രമിക്കുന്നതെന്നും അത് ലോകകപ്പ് മുന്നിൽക്കണ്ടുകൊണ്ട് അല്ല എന്നും പറഞ്ഞ താരം ടീമിൽ എല്ലാവരും തമ്മിൽ തമ്മിൽ മികച്ച അന്തരീക്ഷമാണുള്ളത് എന്നും കൂട്ടിച്ചേർത്തു.
തന്റെ ടീമിലെ കാര്യങ്ങൾ വ്യക്തമാക്കുന്നതിനോടപ്പം രവി ശാസ്ത്രിയെ കുറിച്ചും ലങ്കയിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായ രാഹുൽ ദ്രാവിഡിനെ കുറിച്ചും അഭിപ്രായം പ്രകടിപ്പിച്ചു. മികച്ച പരിശീലകരായ ഇരുവരും അവരുടെ രീതിയിൽ മികച്ചവരാണ്. ഇരുവർക്കും താരങ്ങളെ പ്രചോദിപ്പിച്ച് നിര്ത്ഥന് തങ്ങളുടേതായ വഴികളുണ്ട്. ഇരുവരോടൊപ്പവും വളരെ ആസ്വദിച്ച് പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. ധവാൻ പറഞ്ഞു.
പിന്നീട് ധവാൻ തന്റെ സഹതാരമായ സൂര്യകുമാർ യാദവിനെ കുറിച്ചാണ് പറഞ്ഞത്. ആഭ്യന്തര ക്രിക്കറ്റിലും അതിന് ശേഷം രാജ്യാന്തര ക്രിക്കറ്റിലും അരങ്ങേറിയപ്പോൾ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മികച്ച ഫോമിൽ നിൽക്കുന്ന താരത്തിന് ശ്രീലങ്കൻ പരമ്പരയിൽ തിളങ്ങാൻ കഴിയുമെന്ന വിശ്വാസവും ധവാൻ പങ്കുവെച്ചു.
ടീമിലെ സ്പിൻ ജോഡികളായ കുൽ - ചാ സഖ്യം എന്നറിയപ്പെടുന്ന കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും തമ്മിൽ തമ്മിൽ മനസ്സിലാക്കുന്ന താരങ്ങളാണ് എന്ന് പറഞ്ഞ ധവാൻ ടീമിലെ മറ്റൊരു സ്പിന്നറായ യുവ താരം രാഹുൽ ചാഹറിന്റെ മികവിനെ പ്രശംസിക്കുക കൂടി ചെയ്തു.
ശ്രീലങ്കൻ പരമ്പരയ്‌ക്കൊരുങ്ങുന്ന താരം ഇംഗ്ലണ്ടിലുള്ള രവി ശാസ്ത്രിയുമായും വിരാട് കോഹ്‌ലിയുമായും താൻ ഇതുവരെ സംസാരിച്ചിട്ടില്ല എന്നും എന്നാൽ പരിശീലകനായ രാഹുൽ ദ്രാവിഡ് അവരുമായി ചർച്ച നടത്തിയുട്ടുണ്ടാകാം എന്നും പറഞ്ഞു. പുതുമുഖ താരങ്ങൾക്ക് അവസരം കൊടുക്കാനും അവരിലെ കഴിവുകൾ കണ്ടെത്താൻ പറ്റിയ ഒരു പരമ്പരയാണ് ശ്രീലങ്കക്കെതിരെ ഉള്ളതെന്നും ധവാൻ കൂട്ടിച്ചേർത്തു.
ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പരയിലെ ആദ്യ ഏകദിന മത്സരം നടക്കുന്നത്. ധവാന് കീഴിൽ ഇറങ്ങുന്ന ഇന്ത്യ കഴിഞ്ഞ വട്ടത്തെ പരമ്പര വിജയം ആവർത്തിക്കാൻ ഇറങ്ങുമ്പോൾ 1997ന് ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര നേടാൻ ലക്ഷ്യമിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്.