കഴിഞ്ഞ നാല് മത്സരങ്ങളിൽ ശ്രീലങ്കൻ ബൗളിംഗ് നിര അമ്പേ പരാജയമായിരുന്നു. ദക്ഷിണാഫ്രിക്കെതിരെ 428 റൺസും, പാകിസ്താനെതിരെ 345 റൺസ് എന്നിങ്ങനെ ബൗളർമാർ കണക്കിന് അടിവാങ്ങി. 12 വിക്കറ്റ് വീഴ്ത്തിയ ദിൽഷൻ മധുശങ്ക ഒഴികെ മറ്റാർക്കും താളം കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിനെതിരെ ആ പഴയ ബൗളിംഗ് വീര്യം പ്രകടമായി. ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയ ഏഞ്ചലോ മാത്യൂസും ലാഹിരു കുമാരയും ചേർന്ന് ഇംഗ്ലീഷ് ബാറ്റർമാരെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചു.
പരുക്കേറ്റ ടീമിന് പുറത്തായ മതീഷാ പതിരാനക്ക് പകരക്കാരനായാണ് ഏഞ്ചലോ മാത്യൂസ് ലോകകപ്പിലേക്ക് എത്തുന്നത്. ഇവർക്ക് ഒപ്പം കസൂൻ രജിതയും മഹീഷ് തീക്ഷണ എന്നിവരും ഫോമിലേക്ക് ഉയർന്നപ്പോൾ വിക്കറ്റുകൾ കടപുഴകി.
advertisement
ലോകകപ്പിൽ ആദ്യ ഓവറിൽ തന്നെ ഡേവിഡ് മലനെ വീഴ്ത്തിയാണ് മാത്യൂസ് തിരിച്ചുവരവ് ആഘോഷമാക്കിയത്. ജോ റൂട്ടിനെ പുറത്താക്കിയ റൺഔട്ടിനും മാത്യൂസാണ് വഴിഒരുക്കിയത്.
5 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 14 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി, ലോകകപ്പിൽ ആദ്യ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നവർക്കുള്ള മറുപടിയും താരം നൽകി.
ലാഹിരു കുമാര മൂന്നും കസുൻ രജിത രണ്ടും വിക്കറ്റ് വീഴ്ത്തി. ഇതോടെ നിലവിലെ ചാംപ്യൻമാരെ ചെറിയ സ്കോറിൽ ഒതുക്കാൻ ശ്രീലങ്കയ്ക്കായി.