മത്സരത്തിന്‍റെ തുടക്കം മുതൽക്കേ പന്തിൻമേലുള്ള ആധിപത്യം നേടാൻ സ്പാനിഷ് വനിതകൾ കഠിനാധ്വാനം ചെയ്തു. സ്വന്തം ബോക്‌സിനുള്ളിൽ പ്രതിരോധതാരങ്ങൾ തമ്മിലുള്ള മികച്ച ഒത്തിണക്കവും സ്പെയിനിന് തുണയായി. ഇംഗ്ലണ്ടിന്‍റെ മുന്നേറ്റങ്ങളൊക്കെ ലക്ഷ്യം കാണാതെ അവസാനിപ്പിക്കാൻ അവർക്ക് സാധിച്ചു. അതിനിടെ ഇംഗ്ലീഷ് താരം ഹെംപ് മികച്ചൊരു ഇടംകാലനടിയിലൂടെ ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സരം 20 മിനിട്ട് പിന്നിട്ടപ്പോൾ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചു. ലോറൻ ഹെംപിന്‍റെ തകർപ്പനൊരു സെറ്റ് പീസ് സ്പാനിഷ് വനിതകൾ തട്ടിയകറ്റി.
advertisement
മത്സരത്തിന്‍റെ 29-ാം മിനിട്ടിൽ ആരാധകർ കാത്തിരുന്ന ഗോൾ പിറന്നു. കാർമോണയുടെ തകർപ്പനൊരു ഇടംകാലൻ ഷോട്ട് ഇംഗ്ലീഷ് ഗോളി ഇയർപ്സിനെ മറികടന്ന് വലയിൽ എത്തുകയായിരുന്നു. സ്പാനിഷ് മധ്യനിരയുടെ മികവിലാണ് ആദ്യ ഗോൾ പിറന്നത്. ഇംഗ്ലണ്ടിന് മത്സരത്തിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയതും സ്പാനിഷ് മധ്യനിരയായിരുന്നു. ആദ്യ പകുതിയുടെ അവസാനം സ്പെയിൻ വീണ്ടും ഗോൾ നേടുമെന്ന് കരുതി. ക്ലോസ് റേഞ്ച് ഷോട്ട് പോസ്റ്റിന്‍റെ വശത്ത് തട്ടി പുറത്തേക്ക് പോയി.
മത്സരം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലീഷ് ഹെഡ് കോച്ച് സറീന വിഗ്‌മാൻ ടീമിനെ ഇറക്കിയത്. അലെസിയോ റൂസ്സോയ്ക്ക് പകരം ലയണീസ് ബോസ് ലോറൻ ജെയിംസിനെ കൊണ്ടുവന്നു, ഡാലിക്ക് പകരം ചോ കെല്ലി വന്നു. കെല്ലിയുടെ ഇംഗ്ലണ്ടിന്‍റെ കളിയുടെ വേഗം കൂട്ടി. അതിനിടെ ഹെംപ്സിനൊരു ഗോളവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
60 മിനിട്ട് പിന്നിട്ടപ്പോൾ സ്പെയിൻ കോച്ച് ജോർജ്ജ് വിൽഡ ആൽബ റെഡോണ്ടോയ്ക്ക് പകരം ഒയ്ഹാനെ ഹെർണാണ്ടസിനെ ഇറക്കി. എയ്‌റ്റാന ബോൺമതെയുടെ ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പുറത്തുപോയത് സ്പെയിനിന് ലീഡുയർത്താനുള്ള അവസരം നഷ്ടമാക്കി.
70-ാം മിനിട്ടിൽ സ്പെയിനിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ഹെർമോസോയ്ക്ക് ലക്ഷ്യം കാണാനായില്ല. ഗോൾ മടക്കനായി ഇംഗ്ലീഷ് വനിതകൾ ആക്രമണം ശക്തമാക്കിയെങ്കിലും ഇന്ന് അവർക്ക് നിർഭാഗ്യത്തിന്‍റെ ദിനമായിരുന്നു. ഒടുവിൽ മത്സരം സ്പെയിൻ നേടിയ ഏക ഗോളിന് അവസാനിച്ചു. സ്പാനിഷ് വനിതാ ഫുട്ബോളിന് അത് ചരിത്ര നിമിഷമായി മാറി. 2010ൽ സ്പെയിൻ പുരുഷ ടീം ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയിട്ടുണ്ട്.