രാജസ്ഥാന് വേണ്ടി ട്രെന്റ് ബോൾട്ടും ആവേശ് ഖാനും 3 വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് ശർമ 2 വിക്കറ്റുകളും സ്വന്തമാക്കി. 68 റൺസാണ് ഹൈദരബാദ് ആദ്യ ആറ് ഓവറുകളിൽ അടിച്ചെടുത്തത്. ഒരു സിക്സും ഒരു ഫോറും അടിച്ചതിനു പിന്നാലെ ആദ്യ ഓവറിൽ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ട്രെന്റ് ബോൾട്ട് പുറത്താക്കി. പിന്നാലെ എത്തിയ രാഹുൽ ത്രിപാഠിയാണ് പവർപ്ലേയിൽ ഹൈദരാബാദിന്റെ കരുത്തായത്. 15 പന്തുകളിൽ 5 ഫോറുകളും 2 സിക്സുകളുമാണ് ത്രിപാഠി അടിച്ചത്. എന്നാൽ ബോൾട്ടിന്റെ പന്തിൽ ചെഹൽ ക്യാച്ചെടുത്ത് ത്രിപാഠി മടങ്ങി. തൊട്ടുപിന്നാലെ എയ്ഡൻ മാർക്രവും സമാന രീതിയിൽ പുറത്തായി.
advertisement
പവര്‍ പ്ലേയ്ക്ക് ശേഷം ഹൈദരാബാദിന്റെ സ്കോറിങ്ങിനു വേഗം കുറഞ്ഞു. പത്താം ഓവറിലെ അവസാന പന്തിൽ ഓപ്പണര്‍ ട്രാവിസ് ഹെഡ് പുറത്തായി. 28 പന്തിൽ 34 റൺസെടുത്ത ഹെഡിനെ സന്ദീപ് ശർമയുടെ പന്തിൽ ആർ അശ്വിൻ ക്യാച്ചെടുത്താത്ത് പുറത്താക്കി. 10.2 ഓവറിൽ ഹൈദരാബാദ് 100 കടന്നു. ഒരുഘട്ടത്തിൽ വമ്പൻ സ്കോറിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും രാജസ്ഥാൻ ബൗളർമാർ അതിന് അവസരം നൽകിയില്ല.
പതിനാലാം ഓവറിലെ അഞ്ചാം പന്തിൽ ആവേശ് ഖാൻ നിതീഷ് കുമാർ റെഡ്ഡിയെ ചെഹലിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ അബ്ദുൽ സമദിന്റെ കുറ്റി തെറിപ്പിച്ച് ആവേശ് ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി. 14 ഓവറുകൾ പിന്നിടുമ്പോൾ 6 ന് 132 എന്ന നിലയിലായിരുന്നു ഹൈദരാബാദ്.
ഇംപാക്ട് പ്ലേയറായി ഷഹബാസ് അഹമ്മദ് ക്രീസിലെത്തി. 17ാം ഓവറിലാണ് ഹൈദരാബാദ് 150 ലെത്തിയത്. അര്‍ധ സെഞ്ചറി നേടിയതിനു പിന്നാലെ ക്ലാസനെ സന്ദീപ് ശർമ ബൗൾഡാക്കി. 18ാം ഓവറിൽ 6 റൺസ് മാത്രമാണു സന്ദീപ് വഴങ്ങിയത്. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിൽ സിക്സറിനു ശ്രമിച്ച ഷഹബാസ് അഹമ്മദിനെ (18 പന്തിൽ 18) ധ്രുവ് ജുറെൽ ക്യാച്ചെടുത്തു പുറത്താക്കി. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ ഹൈദരാബാദ് ബാറ്റർമാർക്ക് ആറ് റൺസ് എടുക്കാൻ മാത്രമാണു സാധിച്ചത്. ഈ ഓവറിൽ 2 വിക്കറ്റുകളും വീണു.